
കണ്ണൂര്‍: നിപ്പ വൈറസ് ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച സിസ്റ്റർ ലിനിയെ അനുസ്മരിച്ച് മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ. ലിനിയുടെ വേർപാട് മനസിലേൽപ്പിച്ച ആഘാതം ഇപ്പോഴും വിട്ടുമാറുന്നില്ലെന്ന് കെ കെ ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു. ആരോഗ്യ പ്രവർത്തനത്തിനിടയിൽ സ്വന്തം ജീവൻ പോലും അവഗണിച്ചു കൊണ്ട് മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ത്യാഗത്തിന്‍റെ ഉദാഹരണമാണ് സിസ്റ്റർ ലിനി.
നിപ്പ വൈറസ് ബാധയെ ചെറുത്ത് തോൽപ്പിക്കുന്നതിന് നാം ഒറ്റക്കെട്ടായി പരിശ്രമിക്കുകയും ലോകം തന്നെ ശ്രദ്ധിച്ച വിജയം നേടുകയും ചെയ്തു. ചുരുങ്ങിയ ദിവസത്തിനുള്ളിൽ ഏറെ പകർച്ച ശേഷിയും മരണ നിരക്കുമുള്ള ഒരു വൈറസിനെ കേരളം കീഴ്പ്പെടുത്തി എന്നത് അന്താരാഷ്ട്ര തലത്തിൽ പോലും നമ്മളെ അംഗീകരിക്കുന്ന പ്രവർത്തനമായി മാറിയിരുന്നു. എത്രയും പെട്ടെന്ന് തന്നെ വൈറസിനെ കണ്ടെത്താൻ കഴിഞ്ഞു എന്നതായിരുന്നു നൂറുകണക്കിനാളുകൾ മരിച്ചു പോകാതെ മനുഷ്യരുടെ ജീവൻ രക്ഷിക്കാൻ നമ്മെ പ്രാപ്തമാക്കിയ കാര്യമെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.
എന്നാൽ, ഈ വൈറസിന്റെ ആദ്യത്തെ കേസിൽ നിന്ന് തന്നെ ലിനി സിസ്റ്റർക്ക് പകർച്ചയുണ്ടായി എന്നതാണ് മരണകാരണമായി മാറിയത്. പേരാമ്പ്ര ആശുപത്രിയിൽ സാബിത്ത് എന്ന് പേരുള്ള നിപ്പബാധിതനെ പരിചരിക്കുന്നതിനിടയിൽ എല്ലാ സുരക്ഷാക്രമങ്ങളും പാലിച്ചിരുന്നുവെങ്കിലും ഈ വൈറസിന്റെ പ്രഹരശേഷിയെക്കുറിച്ച് പൂർണ്ണമായും ധാരണയില്ലാതിരുന്ന ആദ്യ നാളുകളിൽ സിസ്റ്റർ ലിനിക്ക് രോഗ പകർച്ചയുണ്ടായി എന്നതാണ് പിന്നീട് മനസിലായത്.
എന്നാൽ, വൈറസ് ബാധിതയാണെന്ന് അറിഞ്ഞിട്ടും ആശുപത്രി ഐസൊലേഷൻ വാർഡിൽ സിസ്റ്റർ ലിനി കാണിച്ചിട്ടുള്ള ധൈര്യവും സഹപ്രവർത്തകരോടുള്ള സ്നേഹവും ഒരിക്കലും മറക്കാൻ കഴിയില്ല. മറ്റു ജീവനക്കാർ തന്നോട് കൂടുതൽ അടുത്ത് പെരുമാറുന്നത് സിസ്റ്റർ ലിനി തന്നെ വിലക്കിയിരുന്നു, കുടുംബാംഗങ്ങളും അടുത്തുവരാൻ പാടില്ല എന്ന വിവരം ലിനി തന്നെ അറിയിക്കുകയായിരുന്നു. മരണപ്പെടുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഐസൊലേഷൻ വാർഡിൽ നിന്നും ലിനി ഭർത്താവ് സജീഷിന് എഴുതിയ കത്ത് ഇപ്പോഴും നമ്മുടെ മനസ്സിൽ ഒരിക്കലും മായാത്ത നൊമ്പരമായി നിൽക്കുന്നു.
താൻ യാത്രയാവുകയാണെന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കണമെന്നും തന്നെയോർത്ത് വിഷമിക്കരുതെന്നും ലിനി സജീഷിനെ ആശ്വസിപ്പിക്കുകയായിരുന്നു. ലോകത്തെമ്പാടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ ആരോഗ്യ പ്രവർത്തകർ സ്വന്തം ജീവിതം പോലും ത്യജിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നത് നമ്മളെല്ലാവരും ഓർക്കേണ്ട വസ്തുതയാണ്. എല്ലാകാലത്തും ലിനി നമ്മുടെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുമെന്നും ശൈലജ ടീച്ചര്‍ കുറിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam