
തിരുവനന്തപുരം: വീണ വിജയനെ വ്യക്തിഹത്യ ചെയ്യാൻ ആരെയും അനുവദിക്കില്ലെന്ന് കെകെ ശൈലജ ടീച്ചർ. മുഖ്യമന്ത്രിയുടെ കുടുംബം ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ ഭാഗമാണ്. അവരെ വ്യക്തിപരമായി ആക്രമിക്കുന്നവർക് അവർ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ലെന്നും മുൻ ആരോഗ്യ മന്ത്രിയും മട്ടന്നൂർ എംഎൽഎയുമായ കെകെ ശൈലജ പറഞ്ഞു.
സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയതുമായി ബന്ധപ്പെട്ട മാത്യു കുഴല്‍നാടന്‍റെ ആരോപണങ്ങളിൽ പ്രതികരിക്കുകയായിരുന്നു മുൻ മന്ത്രി. ആരോപണങ്ങൾ വ്യക്തിഹത്യ നടത്താനുള്ള ശ്രമമെന്ന് കുറ്റപ്പെടുത്തിയ അവർ, ഉന്നയിച്ച ആരോപണങ്ങളിൽ പ്രതികരിക്കാൻ തയ്യാറായില്ല.
അതിനിടെ മാത്യു കുഴൽനാടൻ ഇന്നലെ ഉന്നയിച്ച നികുതി വെട്ടിപ്പ് ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് രംഗത്ത് വന്നു. കുഴൽനാടന് എവിടെ നിന്നോ കിട്ടുന്ന വിവരങ്ങൾ വെച്ച് എന്തും വിളിച്ചു പറയുകയാണ്. ആരോപണങ്ങൾ തെറ്റുമ്പോൾ വീണിടത്ത് കിടന്ന് ഉരുളും. മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രമല്ല, നിരപരാധി എന്ന് അറിയാവുന്നത് കൊണ്ടാണ് പാർട്ടി വീണക്കൊപ്പം നിൽക്കുന്നത്. നീതിക്കൊപ്പം എന്നും നിൽക്കുന്ന പാർട്ടിയാണ് സിപിഎം. പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ട്. അതിനപ്പുറം ഒന്നും പറയാനില്ല. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ച് കാര്യങ്ങള്‍ നടക്കട്ടെയെന്നും ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് പിന്നിലെന്നും ഇവർ മരുന്ന് കഴിക്കുന്നതാണ് നല്ലതെന്നും പറഞ്ഞ മന്ത്രി എല്ലാം സുതാര്യമാണെന്നും അവകാശപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam