ബാര്‍ കോഴ ആരോപണം ഗൗരവമുള്ളത്, എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാവും, അന്വേഷിക്കണം: കെകെ ശിവരാമൻ

Published : May 24, 2024, 11:53 AM ISTUpdated : May 24, 2024, 12:04 PM IST
ബാര്‍ കോഴ ആരോപണം ഗൗരവമുള്ളത്, എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാവും, അന്വേഷിക്കണം: കെകെ ശിവരാമൻ

Synopsis

വെളിപ്പെടുത്തലിനെ കുറിച്ച് സര്‍ക്കാര്‍ അടിയന്തിര അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് കൺവീനര്‍

ഇടുക്കി: ബാര്‍ കോഴ ആരോപണം ഗൗരവമുള്ളതെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കൺവീനര്‍ കെകെ ശിവരാമൻ. എല്ലാ ബാറുകളും പണം നൽകിയാൽ 250 കോടിയാകും, ഈ പണം എവിടേക്കാണ് പോകുന്നത്? പണമുണ്ടെങ്കിൽ സർക്കാരിനെ സ്വാധീനിക്കാൻ കഴിയുമെന്ന് പറയുന്നത് ഗൗരവമുള്ള കാര്യം. ഇത് സംബന്ധിച്ച് അടിയന്തിര പരിശോധന വേണം. കള്ളക്കഥയാണോ ഇതെന്ന് തിരിച്ചറിയണം. വെളിപ്പെടുത്തലിനെ കുറിച്ച് സര്‍ക്കാര്‍ അടിയന്തിര അന്വേഷണം നടത്തണമെന്നും അദ്ദേഹം ഫെയ്സ്ബുക് പോസ്റ്റിൽ കുറിച്ചു.

ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ

'ഇന്ന് രാവിലെ മുതൽ കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ പുറത്തുവിടുന്ന ഒരു വാർത്ത അത്യന്തം ഗൗരവം ഉള്ളതാണ്. നിലവിലുള്ള മദ്യ  നയത്തിൽ ഇളവ് വരുത്തുന്നതിന് ബാറുടമകൾ രണ്ടര ലക്ഷം രൂപ വീതം ഉടനടി നൽകണമെന്നാണ് ബാർ ഉടമ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് അനിമോന്റെതായി പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിൽ പറയുന്നത്. നമുക്കായി ഇളവുകൾ നൽകുമ്പോൾ കൊടുക്കേണ്ടത് കൊടുക്കണം എന്നാണ് ഇതിൽ പറയുന്നത്. എന്നുപറഞ്ഞാൽ സർക്കാരിന്റെ മദ്യ  നയത്തിൽ നമുക്ക് അനുകൂലമായ മാറ്റം വരണമെങ്കിൽ കൊടുക്കേണ്ടത് കൊടുക്കണം!  ആർക്ക് ? കേരളത്തിൽ ആയിരത്തോളം ബാറുകൾ ഉണ്ടെന്നാണ് അറിവ്. ഈ ബാറുകൾ എല്ലാം രണ്ടര ലക്ഷം രൂപ വീതം നൽകിയാൽ 250 കോടിയാകും.   ഈ പണം എവിടേക്കാണ് ഒഴുകിയെത്തുന്നത്? ഖജനാവിലേക്ക് അല്ലെന്നത് വ്യക്തം! പണമുണ്ടെങ്കിൽ സർക്കാർ നയത്തെ  സ്വാധീനിക്കാൻ കഴിയുമെന്ന് ഒരു ബാർ ഉടമ പറയുന്നത് ഗൗരവമുള്ള കാര്യമാണ്. ഇത് സംബന്ധിച്ച അടിയന്തര അന്വേഷണം വേണം.  ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ മുഖം വികൃതമാക്കുന്നതിന് വേണ്ടി കെട്ടിച്ചമയ്ക്കുന്ന കള്ളക്കഥയാണോ ഇതെന്ന് അറിയണം,  സർക്കാരിന്റെ മദ്യ നയത്തിൽ  വരുത്തുന്ന ഏതൊരു മാറ്റവും പൊതു താൽപര്യം കണക്കിലെടുത്താണ്. അങ്ങനെ തന്നെയാവണം താനും.  അതല്ലാതെ ബാർ ഉടമകളുടെ നിക്ഷിപ്ത താത്പര്യങ്ങൾ സംരക്ഷിക്കാൻ ആണെന്ന് വരുത്തി തീർക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.  അതുകൊണ്ട് അനിമോന്റെ  വെളിപ്പെടുത്തലുകളെ കുറിച്ച് അടിയന്തര അന്വേഷണം നടത്താൻ ഗവൺമെന്റ് തയ്യാറാവണം.' 

ബാറുടമകൾ വിചാരിച്ചാൽ സംസ്ഥാന സർക്കാർ വഴങ്ങി കൊടുക്കും എന്ന ധാരണയുണ്ടാകുന്നത് ശരിയല്ലെന്ന് ശിവരാമൻ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇങ്ങനെ ധാരണ ഉണ്ടാക്കാനുള്ള ആസൂത്രിത ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്നു. ഗൂഢാലോചന നടത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നുണ്ട്. ബാർ കോഴ വിവാദം സർക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനാണ്. സർക്കാർ ചർച്ച ചെയ്യാത്ത കാര്യത്തിലാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു