മാധ്യമപ്രവർത്തകനെ കാറിടിച്ച് കൊന്ന കേസ്; ശ്രീറാമിനെതിരെ സർക്കാർ വകുപ്പ് തല നടപടി തുടങ്ങി

By Web TeamFirst Published Aug 30, 2019, 11:44 PM IST
Highlights

15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു. വിശദീകരണം നൽകിയില്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ പറയുന്നു.

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായ ശ്രീറാം വെങ്കിട്ടരാമനെതിരെ സർക്കാർ വകുപ്പ് തല നടപടി തുടങ്ങി. 15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമന് നോട്ടീസ് അയച്ചു. 

വിശദീകരണം നൽകിയില്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്നും നോട്ടീസിൽ അറിയിച്ചിട്ടുണ്ട്. വാഹനപകട കേസിൽ റിമാൻഡിലായതിന് പിന്നാലെ സർവേ ഡയറക്ടർ സ്ഥാനത്ത് നിന്ന് ശ്രീറാമിനെ സസ്പെൻഡ് ചെയ്തിരുന്നു. അഖിലേന്ത്യാ സർവ്വീസ് ചട്ടപ്രകാരമാണ് ശ്രീറാം വെങ്കിട്ടരാമനെ ചീഫ് സെക്രട്ടറി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

ആഗസ്റ്റ് മൂന്ന് പുലർച്ചെയാണ് കെ എം ബഷീർ കൊല്ലപ്പെടുന്നത്. അമിതവേഗത്തിലെത്തിയ വാഹനമിടിച്ച് ബഷീർ തെറിച്ചു പോകുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ ബഷീർ മരിച്ചു. ഇതിന് ശേഷം നടന്ന കാര്യങ്ങൾ ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു. മദ്യപിച്ചെന്ന് ബോധ്യപ്പെട്ടിട്ടും ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കാത്തത് പൊലീസിന്റെ വീഴ്ചയായി കോടതി വിലയിരുത്തുന്നു. 

click me!