കെ എം മാണിക്ക് കേരളത്തിന്‍റെ യാത്രാമൊഴി, പാലാ കത്തീഡ്രലിൽ സംസ്കാരച്ചടങ്ങുകൾ - ലൈവ്

By Web TeamFirst Published Apr 11, 2019, 6:17 PM IST
Highlights

വീട്ടിൽ നടന്ന സംസ്കാരശുശ്രൂഷകൾക്ക് ശേഷം നഗരി കാണിക്കൽ ചടങ്ങ്. ഒടുവിൽ കെ എം മാണിയുടെ ഭൗതികശരീരം പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കുകയാണ്. 

പാലാ: രാഷ്ട്രീയകേരളത്തിന്‍റെ ചാണക്യൻ കെ എം മാണി ഇനി ഓർമ. പാലായിലെ സെന്‍റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ പൂർണ സംസ്ഥാന ഔദ്യോഗിക ബഹുമതികളോടെ കെ എം മാണിയുടെ സംസ്കാരച്ചടങ്ങുകൾ നടന്നു. ബിഷപ്പുമാരുൾപ്പടെയുള്ളവർ നടത്തിയ പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു മാണിസാറിന്‍റെ സംസ്കാരച്ചടങ്ങുകൾ. പള്ളിയിലെ 126-ാം നമ്പർ കുടുംബ കല്ലറയിൽ ഇനി പാലായുടെ മാണിക്യം ഉറങ്ങും.

പ്രിയപ്പെട്ട നേതാവിനെ കാണാൻ പാലായിലെ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് രാവിലെ മുതൽ ഒഴുകിയെത്തിയത് ആയിരങ്ങളാണ്. പാലായുടെ സ്വന്തം മാണിസാറിനെ കാണാൻ നിറകണ്ണുകളോടെ നിരവധിപ്പെരെത്തി. 21 മണിക്കൂർ നീണ്ട വിലാപയാത്ര, എട്ട് മണിക്കൂ‍ർ നീണ്ട പൊതുദർശനം, 'ഇല്ലാ.. ഇല്ലാ മരിക്കില്ലാ.. കെ എം മാണി മരിക്കില്ലാ' എന്ന മുദ്രാവാക്യങ്ങളോടെ അന്ത്യയാത്ര. കേരള രാഷ്ട്രീയത്തിലെ ഒരു അതികായൻ അങ്ങനെ മടങ്ങുകയാണ്.

മണിക്കൂറുകൾ നീണ്ട വിലാപയാത്ര

രാവിലെ ഏഴേകാലോടെയാണ് കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചത്. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം മൂലം  നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. പതിനായിരങ്ങൾ വിലാപയാത്രയിൽ അണിചേർന്നു. വിലാപയാത്ര 21 മണിക്കൂറിന് ശേഷമാണ് മൃതശരീരം വീട്ടിലെത്തിച്ചത്.

വികാരതീക്ഷ്ണമായ അന്തരീക്ഷത്തിൽ "ഇല്ലാ ഇല്ല മരിക്കില്ല, കെ എം മാണി മരിക്കില്ല" എന്ന മുദ്രാവാക്യം വിളികളോടെയാണ് കെ എം മാണിയുടെ ഭൗതിക ശരീരത്തെ പ്രവർത്തകർ വീട്ടിലേക്ക് ഏറ്റുവാങ്ങിയത്. ആയിരക്കണക്കിന് ആളുകൾ രാവിലെ തന്നെ കെ എം മാണിയെ അവസാനമായി ഒരുനോക്ക് കാണാൻ കരിങ്ങോഴയ്ക്കൽ വീട്ടിലേക്ക് എത്തി. പ്രത്യേകം സജ്ജീകരിച്ച കെഎസ്ആർടിസി ബസിൽ നിന്ന് നേതാക്കൾ മൃതശരീരം വീട്ടിനുള്ളിലെ ഹാളിലേക്ക് മാറ്റി. 

ഉച്ചവരെ കരിങ്ങോഴക്കൽ വീട്ടിലേക്ക് ആയിരക്കണക്കിന് നാട്ടുകാരാണ് ഒഴുകിയെത്തിയത്. രണ്ട് മണി മുതലാണ് പാലാ ബിഷപ്പിന്‍റെ നേതൃത്വത്തിൽ സംസ്കാര ശ്രുശൂഷകള്‍ തുടങ്ങിയത്. കരിങ്ങോഴക്കൽ വീട്ടിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ ദൂരെയാണ് പാലാ കത്തീഡ്രൽ പള്ളി. എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി അടക്കമുള്ള യുഡിഎഫ് നേതാക്കൾ മുഴുവൻ സമയവും പൊതുദർശനത്തിലും സംസ്കാരശുശ്രൂഷകളിലും പങ്കെടുത്തു.

: കെ എം മാണിയുടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ (ഫോട്ടോ: റോണി ജോസഫ്)

രാത്രി വൈകിയും ആളുകളുടെ തീരാപ്രവാഹം

രാത്രി ഏറെ വൈകിയാണ് കെ എം മാണിയുടെ മൃതദേഹം തിരുനക്കര മൈതാനത്ത് എത്തിച്ചത്. ഊണും ഉറക്കവും ഒഴി‌ഞ്ഞ് കാത്തിരുന്ന നാനാതുറയിൽപെട്ട ആളുകൾ കെഎംമാണിക്ക് അന്ത്യാഞ്ജലി അർപ്പിച്ചു.  കേരള കോൺഗ്രസിന്‍റെ പിറവിയും പിളർപ്പും അടക്കം കെ എം മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന തീരുമാനങ്ങൾക്ക് സാക്ഷിയായ കോട്ടയം നഗരവും തിരുനക്കര മൈതാവും അത്രമേൽ വൈകാരികമായാണ് മാണിസാറിനെ യാത്രയാക്കിയത്. 

രാത്രി ഒരു മണിയോടെ വിലാപയാത്രയായി എത്തിച്ച മൃതദേഹം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ളവർ ചേർന്ന് ഏറ്റുവാങ്ങി. രാവിലെ പത്തു മണിയോടെ എറണാകുളത്തെ ലേക്ഷോർ ആശുപത്രിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര പ്രതീക്ഷിച്ചതിലും പതിമൂന്ന് മണിക്കൂർ വൈകിയാണ് കോട്ടയത്ത് എത്തിയത്. അർദ്ധരാത്രിയിലും ഊണും ഉറക്കവുമില്ലാതെ കാത്തുനിന്നത് സ്ത്രീകളടക്കമുള്ള ആയിരക്കണക്കിനാളുകൾ. ഒരു മണിക്കൂർ പൊതുദർശനത്തിന് ശേഷം മൃതദേഹം കേരള കോൺഗ്രസ് ആസ്ഥാനത്ത് എത്തിച്ചു.അവിടെ നിന്ന് മണർകാട്, അയർകുന്നം, കിടങ്ങൂർ വഴി സ്വന്തം തട്ടകമായ പാലായിലേക്ക് കെ എം മാണിയുടെ അന്ത്യയാത്ര പുറപ്പെട്ടു. രാവിലെ ഏഴ് പത്തിനാണ് വിലാപയാത്ര കരിങ്ങോഴയ്ക്കൽ വീട്ടിൽ എത്തിയത്.

click me!