
കോട്ടയം: കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ത്ഥിത്വം വെട്ടാന്‍ റിട്ടയേര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥനും കെ എം മാണിയുടെ മരുമകനുമായ എം പി ജോസഫിനെ ഇറക്കി ജോസഫ് ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍. കെ എം മാണിയുടെ കുടുംബത്തില്‍ നിന്നൊരാള്‍ മല്‍സരിക്കുന്നത് തിരഞ്ഞെടുപ്പില്‍ നേട്ടമാകുമെന്നാണ് എം പി ജോസഫിനെ അനുകൂലിക്കുന്നവരുടെ പക്ഷം. മത്സരിക്കാന്‍ തനിക്ക് അയോഗ്യതയൊന്നുമില്ലെന്ന് എം പി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കെ എം ജോര്‍ജിന്‍റെ മകനെ വെട്ടാന്‍ കെഎം മാണിയുടെ മരുമകന്‍. കോട്ടയം സീറ്റില്‍ ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിത്വം ഏതാണ്ട് ഉറപ്പിച്ച ഘട്ടത്തിലാണ് മറുപക്ഷത്തിന്‍റെ മിന്നല്‍ നീക്കങ്ങള്‍. ദീര്‍ഘകാലം ഇടുക്കി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഫ്രാന്‍സിസ് ജോര്‍ജിനെ കോട്ടയത്ത് മല്‍സരിപ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് എം പി ജോസഫിന്‍റെ സ്ഥാനാര്‍ഥിത്വത്തിനായി വാദിക്കുന്നവരുടെ പക്ഷം. കെഎം മാണിയുടെ കുടുംബാംഗങ്ങളിലൊരാള്‍ മല്‍സരിച്ചാല്‍ മാണി ഗ്രൂപ്പ് വോട്ടുകള്‍ പോലും അനുകൂലമാകുമെന്ന വാദവും എംപി ജോസഫ് അനുകൂലികള്‍ മുന്നോട്ടു വയ്ക്കുന്നു. എന്നാല്‍ സ്ഥാനാര്‍ഥിത്വത്തെ കുറിച്ചുളള ചോദ്യത്തിന് തന്ത്രപൂര്‍വമാണ് എം പി ജോസഫിന്‍റെ മറുപടി.
മോന്‍സ് ജോസഫും ജോയ് എബ്രഹാമും ഉള്‍പ്പെടെ കോട്ടയത്തെ നേതാക്കള്‍ ഫ്രാന്‍സിസ് ജോര്‍ജിന്‍റെ സ്ഥാനാര്‍ഥിത്വത്തിന് അനുകൂലമല്ലെന്ന വിലയിരുത്തല്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പങ്കുവയ്ക്കുന്നുണ്ട്. പിസി തോമസിനെ മല്‍സരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താല്‍പര്യമില്ലെന്ന സൂചനകളും ശക്തം. ഇവിടെയാണ് എം പി ജോസഫിന്‍റെ പേരിന് പ്രസക്തിയേറുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam