
കോഴിക്കോട്: മുഖ്യമന്ത്രിക്ക് താനൂരിൽ വരാൻ കഴിഞ്ഞത് ലീഗ് കാണിച്ച മര്യാദയാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി. മുഖ്യമന്ത്രി താനൂരിലെ ദുരന്ത സ്ഥലത്ത് എത്തിയത് ലീഗിന്റെ ദുർബലതയല്ലെന്നും ഷാജി പറഞ്ഞു. ഓഖി ഉണ്ടായപ്പോൾ മുഖ്യമന്ത്രിയ്ക്ക് തിരുവനതപുരത്തെ തീരദേശത്ത് പോകാൻ കഴിഞ്ഞില്ലെന്നും ഷാജി വ്യക്തമാക്കി.
ദുരന്തമുണ്ടായാൽ കേരളത്തിൽ നാടകമാണ് നടക്കുന്നത്. ഇനി ഒരു മാസം പരിശോധനയും ബോട്ടിന്റെ പെയിന്റ് മാറ്റലും നടക്കും. ഒരു മുൻ കരുതലുമുണ്ടായില്ല. മന്ത്രി അബദുറഹ്മാന്റെ രാജി മുഖ്യമന്ത്രി ചോദിക്കണം. ജുഡീഷ്യൽ അന്വേഷണം നടക്കുമ്പോൾ മന്ത്രി തുടരുന്നത് ശരിയല്ലെന്നും ഷാജി പറഞ്ഞു. മന്ത്രി ബിസിനസുകാരനായതുകൊണ്ട് സ്വമേധയാ രാജിവെക്കില്ല. ഇറക്കിയ പണം മുതലാവുന്നത് വരെ അബ്ദുറഹ്മാൻ മന്ത്രിയായി തുടരുമെന്നും കെ എം ഷാജി പറഞ്ഞു.
താനൂർ ബോട്ടപകടം ജസ്റ്റിസ് വി കെ മോഹനൻ അന്വേഷിക്കും; ബോട്ടുകള്‍ പരിശോധിക്കാന്‍ സ്പെഷ്യല്‍ സ്ക്വാഡ്
അതിനിടെ, താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ തീരുമാനിച്ച് സര്‍ക്കാര്‍. ജസ്റ്റിസ് വി കെ മോഹനന്‍റെ നേതൃത്വത്തിലുള്ള സമിതിയെയാണ് മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയത്. സംസ്ഥാനത്തെ മുഴുവൻ യാനങ്ങളിലും സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താൻ തുറമുഖമന്ത്രി അഹമ്മദ് ദേവര്‍കോവിലിന്‍റെ അധ്യക്ഷതയിൽ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ബോട്ടുകളിൽ കയറ്റാവുന്ന പരമാവധി യാത്രക്കാരുടെ എണ്ണം പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദര്‍ശിപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കാനും തീരുമാനമായി.
അതേസമയം, സംഭവത്തിൽ ഉദ്യോഗസ്ഥ വീഴ്ച ബോധ്യപ്പെട്ടെന്നും അന്വേഷണ റിപ്പോർട്ട് കിട്ടിയാൽ ഉടൻ കർശന നടപടി ഉണ്ടാകുമെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച്ച ഉണ്ടായിയെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടെന്ന് സ്ഥലം സന്ദർശിച്ച മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.