
കൊച്ചി: കൊച്ചി_മുസിരീസ് ബിനാലെയുടെ അഞ്ചാം പതിപ്പിന് ഇന്ന് തിരി തെളിയും. ഫോർട്ട് കൊച്ചിയിൽ വൈകീട്ട് ആറിന് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിലെ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ബിനാലെയുടെ അഞ്ചാം പതിപ്പ് ഉദ്ഘാടനം ചെയ്യും. 'നമ്മുടെ സിരകളിൽ ഒഴുകുന്ന തീയും മഷിയും' എന്ന പ്രമേയത്തിത്തെ അടിസ്ഥാനമാക്കി നടക്കുന്ന ഇത്തവണത്തെ കൊച്ചി മുസിരിസ് ബിനാലെ ഏപ്രിൽ 10 വരെയുണ്ടാകും. മന്ത്രിമാർ, എം.പി, എം.എൽ.എമാർ, കൊച്ചി മേയർ , മറ്റ് ജനപ്രതിനിധികൾ എന്നിവർ ഉദ്ഘാടന വേദിയിലെത്തും.
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചി മുസിരീസ് ബിനാലെ അഞ്ചാം പതിപ്പുമായി വീണ്ടുമെത്തുന്നത്. ഇതിനോടകം ഫോർട്ട് കൊച്ചിയിലെ ഒരുക്കങ്ങളെല്ലാം ഏറെക്കുറെ പൂർത്തിയായി. കൊവിഡിനെ തുടർന്ന് മാറ്റിവച്ച 2020 ലെ ബിനാലെ പതിപ്പാണ് ഇത്തവണത്തേത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ ഇത്തവണ വിവിധ വേദികളിലായി ആസ്വാദകരെ കാത്തിരിക്കും. ഇതിൽ പലതും നിർമാണത്തിന്‍റെ അവസാന ഘട്ടത്തിലാണ്. ഫോർട്ട് കൊച്ചിയിലെ ആസ്പിൻ വാൾ അടക്കം 14 വേദികളിലാണ് കലാകാരന്മാരുടെ സൃഷ്ടികളുണ്ടാവുക.
സിംഗപ്പൂരിൽ നിന്നുള്ള ഷുബിഗി റാവുവാണ് ഇത്തവണത്തെ ബിനാലെ ക്യുറേറ്റർ. 2012 ഡിസംബര്‍ 12 ന് തുടങ്ങിയ കൊച്ചി ബിനാലെയുടെ പത്താം വാർഷികമാണ് ഇത്തവണത്തേത്. 2018 -ല്‍ ആറുലക്ഷം പേരാണ് കലാസ്വാദനത്തിന് എത്തിയത്. ഇത്തവണ ഇതിലൂം കൂടുതലാളുകളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനായി ഇത്തവണ ബിനാലെ വേദികളിലേക്ക് രാവിലെ പത്ത് മുതൽ വൈകീട്ട് ഏഴ് മണിവരെ പ്രവേശനമുണ്ടാകും. ടിക്കറ്റുകള്‍ കൗണ്ടറിന് പുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും കലാസ്വാദകര്‍ക്ക് ലഭ്യമാകും. വിദ്യാര്‍ത്ഥികള്‍ക്ക് 50 -ഉം മുതിര്‍ന്നവർക്ക് 150 രൂപയുമാണ് ഇത്തവണത്തെ പ്രവേശന നിരക്ക്.
ഔദ്ധ്യോഗിക ഉദ്ഘാടനം ഇന്ന് നടക്കുമെങ്കിലും ആസ്പിൻവാൾ ഹൗസ് ഉൾപ്പെടെ ചില ബിനാലെ വേദികളിലെ പ്രവേശനം ഡിസംബർ 23 -ന് മാത്രമെ ആരംഭിക്കുകയുള്ളുവെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി അറിയിച്ചു. ഇത്തവണ ബിനാലെയുടെ പ്രവർത്തനങ്ങൾക്കായി ആസ്പിൻവാൾ ഹൗസ് ലഭ്യമായത് വളരെ വൈകിയാണെന്നും ഇത് വേദി ഒരുക്കുന്നതിൽ കാലതാമസം ഉണ്ടാക്കിയെന്നും അറിയിപ്പില്‍ പറയുന്നു. വിദേശങ്ങളിൽ നിന്ന് കലാസൃഷ്ടികൾ കൊച്ചിയിൽ എത്തുന്നതും ചില സാങ്കേതിക കാരണങ്ങളാൽ വൈകി. കൂടാതെ മഴയും ദുർഘടമായ കാലാവസ്ഥയും യഥാസമയം എല്ലാ വേദികളും തുറക്കുന്നതിന് തടസ്സമായി. എന്നാല്‍, സ്റ്റുഡന്‍റ്സ് ബിനാലെ വേദികളും ക്ഷണിക്കപ്പെട്ട കലാ പ്രദർശനങ്ങളും നാളെ മുതല്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാകും. എറണാകുളം ഡർബാർ ഹാൾ വേദി മറ്റന്നാൾ (ഡിസം: 14 ന്) തുറക്കും.