കൊച്ചി മേയറുടെ കസേര തെറിക്കും; സൗമിനിയെ മാറ്റാനായി ഗ്രൂപ്പ് വ്യത്യാസമില്ലാതെ കോണ്‍ഗ്രസില്‍ മുറവിളി

By Web TeamFirst Published Oct 25, 2019, 10:08 AM IST
Highlights

സൗമിനി ജെയ്നിനെ മാറ്റിയേ തീരൂ എന്ന നിലപാടില്‍ എ,ഐ ഗ്രൂപ്പ് നേതാക്കള്‍ ഉറച്ചു നില്‍ക്കുകയാണ്. ഈ ആവശ്യം മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ എറണാകുളത്തെ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. 

കൊച്ചി: വെള്ളക്കെട്ട് പ്രശ്നത്തില്‍ രൂക്ഷവിമര്‍ശനം നേരിടുന്ന കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍റെ കസേര തെറിച്ചേക്കും. സൗമിനി ജെയ്നിനെ ഇനിയും കൊച്ചി മേയറായി തുടരാന്‍ അനുവദിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും പിന്നീട് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന വികാരം എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായിട്ടുണ്ട്.

എറണാകുളത്തെ എ,ഐ ഗ്രൂപ്പ്  നേതാക്കള്‍ മേയര്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ മേയര്‍ പദവിയില്‍ തുടരുക എന്നത് സൗമിനി ജെയ്നിന് വെല്ലുവിളിയാണ്. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ രാജിവയ്ക്കാന്‍ സന്നദ്ധയാണെന്ന് അവര്‍ ഇന്നലെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്ത രണ്ട് ദിവസത്തിനകം ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ നിന്നും തീരുമാനം വരും എന്നാണ് സൂചന. 

നിലവില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയറായ ടിജെ  വിനോദ് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ പുതിയ ഡെപ്യൂട്ടി മേയറെ കണ്ടത്തേണ്ടി വരും. ഇതോടൊപ്പം കൊച്ചി മേയറേയും മാറ്റണമെന്ന നിര്‍ദേശം സജീവമായി പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നുണ്ട്. സൗമിനിയെ മാറ്റുക തന്നെ വേണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും മുല്ലപ്പള്ളി രാമചന്ദ്രനേയും അറിയിച്ചിട്ടുണ്ട്. 

എറണാകുളം ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ സൗമിനി ജെയ്നിനെതിരെ കര്‍ശന വിമര്‍ശനവുമായി ആദ്യം രംഗത്തു വന്ന എറണാകുളം എംപി ഹൈബി ഈഡന്‍ ഇന്നും വിമര്‍ശനം ആവര്‍ത്തിച്ചു. കോർപ്പറേഷൻ ഭരണത്തിൽ പിടിപ്പ് കേടുണ്ടായെന്ന് ഹൈബി കുറ്റപ്പെടുത്തുന്നു. പല കേന്ദ്ര പദ്ധതികളും നടപ്പാക്കുന്നതിൽ വീഴ്ച ഉണ്ടായി. ജനവികാരം മനസിലാക്കാൻ കോ‍ർപ്പറേഷന് കഴിഞ്ഞില്ലെന്നും ഹൈബി വിമര്‍ശിക്കുന്നു. എറണാകുളത്തെ കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാലും സൗമിനി ജെയ്നിനെ മേയര്‍ സ്ഥാനത്ത് നിന്നും മാറ്റുന്ന കാര്യത്തില്‍ പാര്‍ട്ടി തീരുമാനമെടുക്കണം എന്നാവശ്യപ്പെട്ടിട്ടുണ്ട്. 

കോണ്‍ഗ്രസിന്‍റെ ഉറച്ചകോട്ടയായ എറണാകുളത്ത് പാര്‍ട്ടിയുടെ ഭൂരിപക്ഷത്തില്‍ കുത്തനെയുണ്ടായ ഇടിവിന് കൊച്ചിയിലെ കനത്ത വെള്ളക്കെട്ടും അതില്‍ പ്രാഥമികമായി പ്രതിസ്ഥാനത്ത് നില്‍ക്കുന്ന കൊച്ചി കോര്‍പ്പറേഷനും ഉത്തരവാദിത്തമുണ്ടെന്നാണ് പൊതുവിലയിരുത്തല്‍. നാല് വര്‍ഷം അവസരമുണ്ടായിട്ടും വെള്ളക്കെട്ട് ഉള്‍പ്പെട്ടെ കൊച്ചിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ കൃത്യമായൊരു നിലപാട് എടുക്കാന്‍ സൗമിനി ജെയ്നിന് സാധിച്ചില്ലെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു. 

അതിനിടെ കൊച്ചിയില്‍ വെള്ളക്കെട്ട് വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരയോഗം വിളിച്ചു. മുഖ്യമന്ത്രി വിളിച്ച യോഗത്തിലേക്ക് കൊച്ചി മേയര്‍ സൗമിനി ജെയ്നിനേയും വിളിച്ചിട്ടുണ്ട്. യോഗത്തില്‍ പങ്കെടുക്കാനായി മേയര്‍ തിരുവനന്തപുരത്തേക്ക് തിരിച്ചു. യോഗത്തില്‍ പങ്കെടുക്കുമെന്നും സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുമെന്നും സൗമിനി ജെയ്ന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 

click me!