പ്രതിദിനം 40,000 യാത്രക്കാര്‍: കൊച്ചി മെട്രോയ്ക്ക് ഇന്ന് രണ്ടാം പിറന്നാള്‍

By Web TeamFirst Published Jun 17, 2019, 10:20 AM IST
Highlights

ആദ്യഘട്ടത്തിലെ തൈക്കൂടം വരെയുള്ള മെട്രോ ലൈന്‍ ഓഗസ്റ്റ് പകുതിയോടെ ഗതാഗത യോഗ്യമാകും. പേട്ടയിലേക്ക് അടുത്ത വർഷം ഫെബ്രുവരിയിൽ സർവ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ


കൊച്ചി: സംസ്ഥാനത്തിന്‍റെ ഗതാഗത സംസ്കാരത്തിൽ പുതുവഴി തുറന്നിട്ട കൊച്ചി മെട്രോക്ക് ഇന്ന് രണ്ട് വയസ്സ്.  പ്രവർത്തന ചിലവിനൊപ്പം പ്രതിദിന വരുമാനമെത്തിക്കാൻ കഴിഞ്ഞുവെന്നതാണ് രണ്ടാം വർഷത്തിൽ മെട്രോ നേട്ടമായി ഉയർത്തുന്നത്. തൃപ്പൂണിത്തുറ വരെയുള്ള ആദ്യഘട്ടവും, ജലമെട്രോയുമാണ് മൂന്നാം വർഷത്തിൽ കൊച്ചി മെട്രോയെ കാത്തിരിക്കുന്നത്.

പുതുമയും, അത്ഭുതവും വിട്ടുമാറി. മെട്രോ കൊച്ചിക്കാരുടെ ശീലത്തോളം ആയില്ലെങ്കിലും സ്വന്തമായി. 2 കോടി 58 ലക്ഷം പേരാണ് ഉദ്ഘാടനം ദിവസം മുതൽ ഇന്ന് വരെ കൊച്ചി മെട്രോയിൽ യാത്രക്കാരായത്. ടിക്കറ്റ് വരുമാനം 83 കോടി രൂപ. ടിക്കറ്റ് ഇതര വരുമാനം 68 കോടി രൂപ. പ്രതിദിനം ശരാശരി 40,000 യാത്രക്കാർ. വാരാന്ത്യം ഈ സംഖ്യ 45,000  വരെയെത്തും. കൊച്ചി കാണാൻ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നിന്നെത്തുന്നവർക്ക് മെട്രോ ഒഴിവാക്കാനാവാത്തതായി. മഹാപ്രളയത്തിലെ രക്ഷാപ്രവർത്തനമാണ് മെട്രോ ചരിത്രത്തിലെ തിളക്കമേറിയ ഏടുകളിലൊന്ന്.

കൂടുതലറിയാന്‍: രണ്ടാം പിറന്നാളില്‍ കൊച്ചി മെട്രോ ലാഭത്തിലോ; കണക്കുകള്‍ ഇങ്ങനെ

മെട്രോയുടെ നഗരശൃംഖല വ്യാപിപ്പിച്ച് കൂടുതല്‍ ജനങ്ങളിലേക്ക് എത്താനുള്ള ശ്രമത്തിലാണ് കൊച്ചി മെട്രോ. ആദ്യഘട്ടത്തിലെ തൈക്കൂടം വരെയുള്ള ഭാഗം ഓഗസ്റ്റ് പകുതിയോടെ ഗതാഗത യോഗ്യമാകും. പേട്ടയിലേക്ക് അടുത്ത വർഷം ഫെബ്രുവരിയിൽ സർവ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ഡിഎംആർസിയാണ് ഇത് വരെയുള്ള നിർമ്മാണങ്ങളുടെ ചുമതല.

എന്നാൽ  തൃപ്പൂണിത്തുറയിലേക്കുള്ള മെട്രോ റെയിൽ നിർമ്മാണം മുതൽ കെഎംആർഎൽ നേരിട്ട് ഏറ്റെടുക്കും. കേന്ദ്ര അനുമതി ലഭിച്ചാൽ കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ടത്തിനും വേഗമേറും. അടുത്ത വർഷം ഏപ്രിൽ മാസത്തിൽ വാട്ടർ മെട്രോ കൂടി സർവ്വീസ് തുടങ്ങിയാൽ  മെട്രോ കൂടുതൽ ജനകീയമാകുമെന്ന പ്രതീക്ഷയിലാണ് കെഎംആർഎൽ.

click me!