
കൊച്ചി: മെട്രോയുടെ (Kochi metro) പത്തടിപ്പാലത്തെ 347ാം നമ്പര്‍ പില്ലറിന്റെ (Pillar) അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ ഇന്ന് തുടങ്ങും. അധിക പൈലുകള്‍ സ്ഥാപിച്ചുകൊണ്ടാണ് ബലപ്പെടുത്തുന്നത്. ഡി.എം.ആര്‍.സി (DMRC), എല്‍ ആന്‍ഡ് ടി (L and T), എയ്ജിസ്, കെ.എം.ആര്‍.എല്‍ (KMRL) എന്നിവയുടെ നേതൃത്വത്തിലാണ് പ്രവൃത്തികള്‍. എല്‍ ആന്‍ഡ് ടിക്കാണ് നിര്‍മാണ ചുമതല. മഴക്കാലത്തിന് മുന്‍പായി ജോലികള്‍ പൂര്‍ത്തിയാക്കും. നിലവിലുളള മെട്രോറെയില്‍ ഗതാഗതത്തെ ബാധിക്കാത്ത വിധത്തിലാകും നിര്‍മാണ ജോലികള്‍ നടക്കുകയെന്നും കൊച്ചി മെട്രോ കമ്പനി അറിയിച്ചു. ഈ ഭാഗത്ത് ട്രാക്കിന് ചെരിവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അപാകത പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടങ്ങിയത്.
നിർമാണത്തിലേയും മേൽനോട്ടത്തിലേയും പിഴവാണ് കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയിൽ തൂണിന് ബലക്ഷയം ഉണ്ടാകാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. ട്രാക്കിനുണ്ടായ വളവിന്‍റെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പൈലിങ്ങിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് കണക്കാക്കുന്നത്. ഇരുപത് ദിവസത്തിനുളളിൽ യഥാർഥ ചിത്രം വ്യക്തമാകുമെന്നും വിവിധ തലങ്ങളിലുളള മേൽനോട്ടപ്പിഴവുണ്ടായെന്നും ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവായിരുന്ന ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പത്തടിപ്പാലത്തെ മന്നൂറ്റിനാൽപ്പത്തിയേഴാം നമ്പർ തൂണിന് സംഭവിച്ചുപോലൊരു ബലക്ഷയം രാജ്യത്തെ മറ്റൊരു മെട്രോയ്ക്കും ഇതേവരെയുണ്ടായിട്ടില്ല, ഇതെങ്ങനെ സംഭവിച്ചു, ആരാണുത്തരവാദി എന്നാണ് പരിശോധിക്കുന്നത്.
കഴിഞ്ഞ നവംബർ ഒന്നിനാണ് പത്തടിപ്പാലത്തെ ട്രാക്കിൽ ഒരു മില്ലീ മീറ്ററിന്‍റെ നേരിയ വളവ് കാണപ്പെട്ടത്. ഇത് പിന്നീട് 9 മില്ലീമീറ്റർ വരെയായി. ട്രെയിനോടുമ്പോൾ നേരിയ ഞരക്കം കേട്ടുതുടങ്ങി. തുടർ പരിശോധനയിൽ തൂണിനോ ഗർഡറുകൾക്കോ തകരാറില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് അടിത്തട്ടിൽ പൈലിങ്ങിലാണ് തകരാറെന്ന നിഗമനത്തിൽ കൊച്ചി മെട്രോ ഡിസൈൻ കൺസൾട്ടന്‍റായ ഏജിസ് അടക്കം എത്തിയത്.
എട്ടു മുതൽ പത്തുമീറ്റർ വരെ ആഴത്തിലാണ് പത്തടിപ്പാലം മേഖലയിൽ കട്ടിയുളള പാറ കാണുന്നത്. ഈ പാറയിലാണ് നാലു വശങ്ങളിൽനിന്നുമായി പൈലിങ് നടത്തി തൂണുറപ്പിക്കുന്നത്. എന്നാൽ ഇവിടെ നടത്തിയ പൈലിങിൽ പിഴവുപറ്റിയെന്നാണ് ഡിഎം ആർസി മുഖ്യകൺസൾട്ടാന്‍റായ ഇ ശ്രീധരൻ അടക്കം കണക്കുകൂട്ടുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam