കൊച്ചി മെട്രോ രണ്ടാം ഘട്ടം; നാലുമാസമായി സ്ഥിരം എംഡി ഇല്ല, നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നതായി ആരോപണം

By Web TeamFirst Published Aug 8, 2021, 9:48 AM IST
Highlights

കൊച്ചി മെട്രോ രണ്ടാം ഘട്ടം, വാട്ടർ മെട്രോ തുടങ്ങി സുപ്രധാന ജോലികൾ തുടരുന്നതിനിടെ സ്ഥിരം എംഡി ഇല്ലാത്തതാണ് വലിയ പ്രതിസന്ധി. 

കൊച്ചി: കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായുള്ള കേന്ദ്ര അനുമതിയിലെ അനിശ്ചിതത്വം ആശങ്കയാകുന്നു. നാല് മാസമായി സ്ഥിരം എംഡി ഇല്ലാത്തത് മെട്രോ കാക്കനാട് പാതയ്ക്കായുള്ള നടപടിക്രമങ്ങൾ വൈകിപ്പിക്കുന്നു എന്നാണ് പ്രധാന ആരോപണം. കഴിഞ്ഞ ഏപ്രിലിൽ അൽകേഷ് കുമാർ ശർമ്മ സ്ഥാനമൊഴിഞ്ഞത് മുതൽ കൊച്ചി മെട്രോക്ക് സ്ഥിരം എംഡി ഇല്ല. പ്രിൻസിപ്പൽ സെക്രട്ടറി പദവിയിലിരിക്കുന്ന കെ ആർ ജ്യോതിലാലിനാണ് പകരം ചുമതല. കൊച്ചി മെട്രോ രണ്ടാം ഘട്ടം, വാട്ടർ മെട്രോ തുടങ്ങി സുപ്രധാന ജോലികൾ തുടരുന്നതിനിടെ സ്ഥിരം എംഡി ഇല്ലാത്തതാണ് വലിയ പ്രതിസന്ധി. സംസ്ഥാന സർക്കാരിൽ മറ്റ് പല ചുമതലകളും വഹിക്കുന്ന ജ്യോതിലാൽ മെട്രോ സംബന്ധിച്ച് ദില്ലിയിൽ കേന്ദ്രസർക്കാർ വിളിച്ച പ്രധാന യോഗങ്ങളിൽ പോലും പങ്കെടുത്തില്ല.

കേന്ദ്ര ബജറ്റിൽ പണം അനുവദിച്ചെങ്കിലും കേന്ദ്ര ക്യാബിനറ്റ് കൊച്ചി മെട്രോക്ക് അന്തിമ അനുമതി നൽകിയിട്ടില്ല. 10ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരത്തിന് മെട്രോ അനുവദിക്കേണ്ടെന്ന പുതുക്കിയ നയത്തിന്‍റെ ഭാഗമായാണ് തീരുമാനം. ആദ്യഘട്ടത്തിന്‍റെ തുടർച്ചയാണ് ഇൻഫോപാർക്ക് പാതയെന്നും സ്ഥലം ഏറ്റെടുപ്പ് ഡിസംബറോടെ പൂർത്തിയാകുന്നതിനാൽ അനുമതി നൽകണം എന്നുമാണ് സംസ്ഥാന സർക്കാർ നൽകിയ മറുപടി. ഇൻഫോപാർക്കിലെ 50,000 ജീവനക്കാരെ മുന്നിൽ കണ്ട് വിഭാവനം ചെയ്ത പദ്ധതി വഴി നഷ്ടം കുറയ്ക്കാമെന്ന കണക്ക് കൂട്ടലിലുമാണ് കെഎംആർഎൽ. അതിനാൽ രണ്ടാംഘട്ട അനുമതി വൈകുന്നത് കൊച്ചി മെട്രോയെ തന്നെ ബാധിക്കും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

 


 

click me!