
കൊച്ചി: തുടർച്ചയായ മൂന്നാം വർഷവും പ്രവർത്തന ലാഭത്തിൽ കുതിച്ച് കൊച്ചി മെട്രോ. കഴിഞ്ഞ സാമ്പത്തിക വർഷം (2024-25) 33.34 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് കൊച്ചി മെട്രോ നേടിയത്. തൊട്ടുമുൻവർഷത്തേക്കാൾ 10.4 കോടി രൂപയുടെ വർധനവാണിത്. കൊച്ചി മെട്രോയുടെ പ്രവർത്തന മികവിൻ്റെ പ്രതിഫലനമാണ് ഈ നേട്ടമെന്ന് കെ.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
കൊച്ചി മെട്രോ സർവീസ് ആരംഭിച്ച 2017-18 കാലയളവിൽ 24.19 കോടി രൂപയുടെ പ്രവർത്തന നഷ്ടമാണ് ഉണ്ടായിരുന്നത്. പിന്നീട് 2022-23 സാമ്പത്തിക വർഷം വരെ നഷ്ടത്തിലായിരുന്ന മെട്രോ, ആ വർഷം ആദ്യമായി 5.35 കോടി രൂപയുടെ പ്രവർത്തന ലാഭം രേഖപ്പെടുത്തി. 2023-24 കാലയളവിൽ ഇത് 22.94 കോടി രൂപയായി ഉയർന്നു. തുടർച്ചയായ ഈ വളർച്ച, മെട്രോയുടെ സാമ്പത്തിക ഭദ്രത ഉറപ്പിക്കുന്നു.
2024-25 സാമ്പത്തിക വർഷം കൊച്ചി മെട്രോ 182.37 കോടി രൂപയുടെ പ്രവർത്തന വരുമാനം നേടി. ഇതിൽ ടിക്കറ്റ് വരുമാനം 111.88 കോടി രൂപയാണ്. ടിക്കറ്റേതര വരുമാനം 55.41 കോടി രൂപയും, കൺസൾട്ടൻസിയിൽ നിന്ന് 1.56 കോടി രൂപയും, മറ്റ് മാർഗ്ഗങ്ങളിലൂടെ 13.52 കോടി രൂപയും ലഭിച്ചു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന ചിലവ് 149.03 കോടി രൂപ മാത്രമായിരുന്നു.
മികച്ച ട്രെയിൻ ഓപ്പറേഷൻ, യാത്രക്കാർക്ക് വർദ്ധിപ്പിച്ച സൗകര്യങ്ങൾ, പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തൽ, ടിക്കറ്റിതര വരുമാനം കൂട്ടാനുള്ള ശ്രമങ്ങൾ എന്നിവയാണ് പ്രവർത്തന ലാഭം ഓരോ വർഷവും വർദ്ധിപ്പിക്കാൻ സഹായിച്ചതെന്ന് ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കേരളത്തിനും കൊച്ചിക്കും അഭിമാനിക്കാവുന്ന രീതിയിൽ സാമ്പത്തികമായി സുസ്ഥിരവും യാത്രാ സൗഹാർദ്ദപരവുമായ ഒരു മെട്രോ സംവിധാനം കെട്ടിപ്പടുക്കുകയാണ് കെ.എം.ആർ.എൽ.-ന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നടപ്പാത നിർമ്മാണം പോലുള്ള നോൺ-മോട്ടോറൈസ്ഡ് ട്രാൻസ്‌പോർട്ട് ചിലവുകൾ, പലിശ, ഡിപ്രിസിയേഷൻ എന്നിവ ഒഴിവാക്കിയാണ് പ്രവർത്തന ലാഭം കണക്കാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam