
കൊച്ചി: മെട്രോയുടെ ആറാം പിറന്നാൾ നാളെ. കാക്കനാട്ടേക്കുള്ള രണ്ടാം ഘട്ട നിർമ്മാണം കൂടി തുടങ്ങിയതോടെ പ്രതീക്ഷകൾ വാനോളമാണ്. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാളെ 20 രൂപയാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്.
ആറ് വർഷം മുൻപ് മലയാളിക്ക് പരിചിതമല്ലാതിരുന്ന മെട്രോ യാത്ര ഇന്ന് കൊച്ചിക്കാരുടെ ജീവിതത്തിന്റെ ഭാഗമാണ്. വിദ്യാർഥികളും ഐടി ജീവനക്കാരും ഉദ്യോഗസ്ഥരുമുൾപ്പെടെ ആയിരക്കണക്കിനാളുകളാണ് ദിനം പ്രതി മെട്രോ ഉപയോഗിക്കുന്നത്. മെയ് മാസത്തിൽ ശരാശരി 98766 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. മെയ് മാസം 12 ദിവസങ്ങളിൽ ഒരു ലക്ഷത്തിലധികം പേരായിരുന്നു യാത്രക്കാർ. മെട്രോയ്ക്ക് പിന്നാലെ എത്തിയ വാട്ടർ മെട്രോയ്ക്കും കിട്ടിയത് മികച്ച പ്രതികരണം. കൊച്ചിയിലെ വിവിധ ദ്വീപുകളെ ബന്ധിപ്പിക്കുന്ന വാട്ടർ മെട്രോകളിൽ യാത്ര ചെയ്യാൻ യാത്രക്കാരുടെ തിരക്കാണ്.
വാർഷികാഘോഷങ്ങളുടെ ഭാഗമായി മെട്രോ ട്രെയിനുകളിൽ ഒരുക്കിയ 'ചിരി വര' മെട്രോ പരിപാടി യാത്രക്കാരെ ആകർഷിച്ചു. യാത്രക്കാരുടെ കാരിക്കേച്ചറുകൾ പ്രമുഖ കാർട്ടൂണിസ്റ്റുകൾ വരച്ചു നൽകി. തെരഞ്ഞെടുത്തവ പിന്നീട് മെട്രോ ട്രെയിനുകളിൽ പ്രദർശിപ്പിക്കും. നാളെ 20 രൂപ മാത്രമാണ് മെട്രോയിലെ പരമാവധി ടിക്കറ്റ് നിരക്ക്. 20 രൂപയ്ക്ക് എത്ര ദൂരം വേണമെങ്കിലും ഒരാൾക്ക് ഒരു തവണ യാത്ര ചെയ്യാം.
2017 ജൂണ്‍ 17നാണ് കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നാല് വര്‍ഷമെടുത്താണ് കൊച്ചി മെട്രോയുടെ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമായത്. രണ്ടാം ഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ കൊച്ചിയുടെ പ്രധാന മേഖലകളെ ബന്ധിപ്പിക്കാനും കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കാനുമാകുമെന്നാണ് പ്രതീക്ഷ. വേഗത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്‍ ശ്രമം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam