
കൊച്ചി: ഐ എൻ എസ് വിക്രാന്തയുടെ വിവരങ്ങൾ തേടി കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച വ്യാജ ഫോൺ കോളിൽ അന്വേഷണം തുടങ്ങി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ് കൊച്ചി നാവികസേനയിലേക്ക് ഫോൺ കോളെത്തിയത്. ഐ എൻ എസ് വിക്രാന്തിൻ്റെ ലൊക്കേഷനാണ് കൊച്ചി നാവികസേന ആസ്ഥാനത്ത് ലഭിച്ച ഫോൺ കോളിലൂടെ ആവശ്യപ്പെട്ടത്. നേവൽ ബേസ് അധികൃതരുടെ പരാതിയിൽ കൊച്ചി ഹാർബർ പൊലീസാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലെ ഇന്ത്യ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിന് പിന്നാലെ തുടങ്ങിയ പ്രകോപനം പാകിസ്ഥാൻ തുടരുകയാണ്. ഇന്ന് രാത്രി വീണ്ടും പ്രകോപനം തുടർന്ന പാകിസ്ഥാൻ ഇന്ത്യയുടെ അതിർത്തി മേഖലയിലെ വിവിധയിടങ്ങളിലേക്ക് ഡ്രോൺ ആക്രമണം നടത്തിയെങ്കിലും എല്ലാം നിഷ്പ്രഭമാക്കി ഇന്ത്യൻ സേന. നിയന്ത്രണരേഖയിലെ ഷെല്ലിങിൽ തുടങ്ങി ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലേക്കുള്ള ഡ്രോൺ ആക്രമണം വരെയെത്തി പാക് പ്രകോപനം. ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തിയെന്നാണ് വിവരം. എല്ലാം ഇന്ത്യൻ സേന തകർത്തു. എന്നാൽ ഫിറോസ്‌പൂരിൽ ജനവാസമേഖലയിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ബാരാമുള്ള മുതല് ഭുജ് വരെ പാകിസ്ഥാൻ ആക്രമണ ശ്രമം നടത്തിയെന്ന് സൈന്യം വ്യക്തമാക്കി. ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. ഇതിൽ പഞ്ചാബിലെ ഫിറോസ്‌പൂരിൽ മാത്രമാണ് പാക് ഡ്രോൺ ആക്രമണത്തിൽ അപകടമുണ്ടായത്. മേഖലയിലെ ഒരു വീടിന് മേലെ പതിച്ച ഡ്രോൺ, വലിയ തീപിടിത്തത്തിന് കാരണമായി. ഒരു സ്ത്രീക്ക് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ രണ്ട് പേരുടെ നില സാരമുള്ളതല്ലെന്നാണ് വിവരം.
അതേസമയം ഇന്ത്യ - പാകിസ്ഥാൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നിർണായക ഇടപെടലിന് സൗദി അറേബ്യയുടെ ശ്രമം. രാത്രി പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി വിദേശകാര്യ സഹമന്ത്രി അദേൽ അൽ ജുബൈർ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാൻ കരസേന മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ വിദേശ കാര്യമന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സൗദി വിദേശകാര്യ സഹമന്ത്രി പാകിസ്ഥാനിലെത്തിയത്.