
കൊച്ചി: കരുണ സംഗീത പരിപാടിയുടെ പേരിൽ സംഘാടകർ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്താന്‍ തീരുമാനമായി. യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യർ ജില്ല കളക്ടർക്ക് നൽകിയ പരാതി സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറി. കരുണ സംഗീത പരിപാടിയുടെ പേരിൽ മുഖ്യമന്ത്രിയുടെ ഉൾപ്പെടെ പേര് ദുരുപയോഗം ചെയ്ത് വൻ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് യുവമോർച്ച സംസ്ഥാന സെക്രട്ടറി എറണാകുളം ജില്ല കളക്ടർക്ക് പരാതി നൽകിയത്.
സംഭവം കൂടുതൽ വിവാദങ്ങളിലേക്ക് എത്തിയതോടെയാണ് പരാതിയിൽ അന്വേഷണം നടത്താൻ ജില്ല കളക്ടർ എസ് സുഹാസ് നിർദ്ദേശിച്ചത്. പരിപാടിയുടെ രക്ഷാധികാരി എന്ന നിലയിൽ കളക്ടറുടെ പേര് ഉപയോഗിച്ചതിന് എതിരെ സുഹാസ് ബിജിപാലിന് നോട്ടീസ് നൽകിയിരുന്നു. സ്റ്റേഡിയം സൗജന്യമായി അനുവദിച്ചത് റീജിയണൽ സ്പോർട്സ് സെന്‍റര്‍ ഭാരവാഹികളാണെന്നും താൻ ഇടപെട്ടിട്ടില്ലെന്നുമാണ് കളക്ടറുടെ നിലപാട്.
രക്ഷാധികാരി എന്ന നിലയിൽ കളക്ടറുടെ പേരു വന്നത് സാങ്കേതിക പിഴവാണെന്നാണ് പരിപാടിയുടെ സംഘാടകനായ ബിജിപാൽ പറയുന്നത്. അന്വഷണത്തിൻറെ ഭാഗമായി ആവശ്യപ്പെട്ടൽ വരവ് ചെലവു കണക്കുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. വരവിനേക്കാൾ കൂടുതൽ ചെലവു വന്ന പരിപാടിയുടെ കടം വീട്ടിയ ശേഷം ടിക്കറ്റ് വരുമാനമായി കിട്ടിയ പണം ദുരിതാശ്വാസ ഫണ്ടിലേക്ക് അടക്കാൻ നേരത്തെ തീരുമാനിച്ചിരുന്നതാണെന്നു ബിജിപാൽ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam