
കൊച്ചി: കൊച്ചിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സൂരജ് ലാമയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.കളമശ്ശേരി ശ്മാശനത്തിൽ വിശ്വാസപ്രകാരം സംസ്ക്കരിക്കുമെന്നാണ് സൂചന. മൃതദേഹം ലാമയുടേതെന്ന് സ്ഥിരീകരിക്കുന്ന ഡിഎന്‍എ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കുവൈറ്റ് മദ്യ ദുരന്തത്തിൽ ഇരയായി ഓർമ്മശക്തി നഷ്ടപ്പെട്ടാണ് ലാമ കേരളത്തിലെത്തിയത്. കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെടുകയായിരുന്നു. രണ്ടുമാസത്തിനുശേഷമാണ് ഡിഎൻഎ പരിശോധനാഫലം പുറത്തുവന്നത്. ഇത് സംഭവിച്ചത് കേരളത്തിലാണ് എന്നതാണ് തന്നെ നിരാശപ്പെടുത്തുന്നതെന്ന് ലാമയുടെ മകൻ സാൻടൻ ലാമ പ്രതികരിച്ചു. കേസില്‍ പൊലീസ് ഹൈകോടതിയുടെ രൂക്ഷ വിമർശനം നേരിട്ടിരുന്നു. കേസ് എടുത്തിട്ടും ലാമയെ കണ്ടെത്താൻ പോലീസ് എന്ത് ചെയ്തു എന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ ലജ്ജ തോന്നുന്നു എന്നും നെടുമ്പാശ്ശേരി എസ്എച്ചഒ തിങ്കളാഴ്ച ഹാജരാകണമെന്നും ഹൈക്കോടതി ഇന്നലെ ആവശ്യപ്പെട്ടു.
ഒക്ടോബർ അഞ്ചിന് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയ ശേഷം കാണാതായ സൂരജ് ലാമയ്ക്കായി മകൻ നടത്തിയ തെരച്ചിൽ ആര്‍ക്കും മറക്കാനാവാത്തതാണ്. പൊലീസ് കണ്ടെത്തി കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതിനുശേഷവും ഓർമ്മശക്തി നഷ്ടപ്പെട്ട ലാമ അവിടെനിന്നും പോയിരുന്നു. മകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിക്ക് പിന്നാലെ കോടതി നിർദ്ദേശിച്ചതിനെത്തുടർന്ന് പ്രത്യേക അന്വേഷണസംഘം ലാമയ്ക്കായി തിരച്ചിൽ നടത്തി. രണ്ടുമാസം മുൻപാണ് കളമശ്ശേരി എച്ച്എംടി പരിസരത്തു നിന്നും ലാമയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്. പിന്നീട് ഡിഎൻഎ പരിശോധന ഫലത്തിന് വേണ്ടി കുടുംബം കാത്തിരിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam