
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിൽ ഊബർ ഡ്രൈവറായ 30കാരൻ കൊച്ചിയിൽ അറസ്റ്റിൽ. വയനാട് ചീരാൽ സ്വദേശി നൗഷാദിനെയാണ് എറണാകുളം പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പഠിക്കാൻ മിടുക്കിയായ പെൺകുട്ടി പെട്ടെന്ന് പഠനത്തിൽ പിന്നോക്കം പോയതോടെ മാതാപിതാക്കൾക്ക് തോന്നിയ സംശയവും പിന്നീട് നടത്തിയ ചോദ്യം ചെയ്യലുമാണ് പ്രതിയിലേക്ക് എത്തിച്ചത്.
പെൺകുട്ടി പഠനത്തിൽ പിന്നോട്ട് പോയത് ശ്രദ്ധയിൽപെട്ടപ്പോൾ മാതാപിതാക്കൾ കുട്ടിയുടെ ഫോൺ വിളികൾ നിരീക്ഷിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിവാഹിതനും തന്നേക്കാൾ ഇരട്ടി പ്രായമുള്ളതുമായ യുവാവുമായി മകൾ സൗഹൃദത്തിലാണെന്ന് മാതാപിതാക്കൾക്ക് മനസിലായത്. പിന്നാലെ വീട്ടുകാർ പാലാരിവട്ടം പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ മൊഴിയെടുത്ത പൊലീസ് ലൈംഗികാതിക്രമം നടന്നതായി ബോധ്യപ്പെട്ടതോടെ പോക്സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.
പ്രണയം നടിച്ച് ഫോൺ വഴി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പോക്സോ നിയമത്തിലെ അടക്കം വിവിധ വകുപ്പുകൾ പ്രകാരം പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. പാലാരിവട്ടം സിഐ കെ.ആർ രൂപേഷിൻ്റെ നേതൃത്വത്തിൽ എസ്ഐ ഒ.എസ് ഹരിശങ്കർ, എഎസ്ഐമാരായ ജിഷ, സിഘോഷ്, ജോസി കെപി, അഖിൽ പത്മൻ, പി പ്രശാന്ത്, മനൂബ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam