
കൊച്ചി: കൊച്ചി വല്ലാർപാടം ട്രാൻഷിപ്പ്മെന്റ് പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെട്ട 316 കുടുംബങ്ങൾക്ക് 17 വർഷത്തിനിപ്പുറവും നീതി അകലെ. വാസയോഗ്യമല്ലാത്ത ഭൂമിയിൽ റവന്യു അഴിയാകുരുക്കിൽപ്പെട്ട് പോയ മനുഷ്യർ ഒരു വീടിനായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ്. വലിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പുനരധിവാസ പാക്കേജ് നടപ്പിലാക്കുന്നതിലെ സംസ്ഥാന സർക്കാരിന്റെ അപാകതയാണ് പുനരധിവാസം താളം തെറ്റിച്ചത്.
വല്ലാർപാടം കണ്ടൈനർ ടെർമിനലിലേക്ക് റോഡും റെയിലിനുമായി കുടിയൊഴിപ്പിച്ചത് 316 കുടുംബങ്ങളെയാണ്. അന്നത്തെ വി എസ് സർക്കാറായിരുന്നു കേന്ദ്രപദ്ധതിക്കായി സ്ഥലവും ഭൂമിയും ഏറ്റെടുത്ത് നൽകിയത്. 2008 ഫെബ്രുവരി 6 ന് ജെസിബി കൊണ്ട് മനുഷ്യശരീരങ്ങളെ ആട്ടിപ്പായിച്ച കുടിയൊഴിപ്പിച്ചു. വീടും ഭൂമിയും വിട്ടിറങ്ങിയവർക്ക് നഷ്ടപരിഹാരത്തുകയ്ക്കപ്പുറം വീട് നിർമ്മിക്കാൻ കൊച്ചിയുടെ വിവിധ പരിസരപ്രദേശങ്ങളിൽ ഭൂമിയും പ്രഖ്യാപിച്ചു. എന്നാൽ മൂലമ്പിള്ളി പാക്കേജ് നടപ്പാക്കുന്നതിൽ പിന്നീട് വന്ന സംസ്ഥാന സർക്കാരുകളുടെ കടുത്ത അവഗണന ഇവരെ വീണ്ടും തോൽപിച്ചു.
വീടിനായി അന്ന ലക്ഷ്മി കിണറും ചുറ്റുമതിലും പൂർത്തിയാക്കിയപ്പോഴാണ് ഇതേ ഭൂമിയുടെ ഉടമസ്ഥത ഉന്നയിച്ച് പ്രവീൺ എത്തുന്നത്. റവന്യു ഓഫീസിൽ പരിശോധിച്ചപ്പോഴാണ് ഈ പ്ലോട്ട് നമ്പർ ഒന്നിന്റെ 4 സെന്റ് ഭൂമിക്ക് മൂന്ന് പേർ ഉടമസ്ഥരെന്ന് അറിയുന്നത്. പിന്നെയും ഇവരെ നരകിപ്പിക്കുകയാണ് സർക്കാർ സംവിധാനങ്ങൾ. കുടിയിറക്കപ്പെട്ടതിന്റെ കടുത്ത മാനസിക സമ്മർദ്ദത്തെ തുടർന്നാണ് റോസിലിയുടെ മകൻ ആത്മഹത്യ ചെയ്തത്. കാട് കയറിയ ഭൂമിയിൽ എന്നൊരു വീട് ഉണ്ടാകുമെന്ന് 73 കാരിയായ അറിയില്ല.17വർഷം മുൻപ് തുടങ്ങിയ ജീവിതസമരത്തിന് ഈ പ്രായത്തിലും അവസാനമില്ല.
Also Read: ചരക്ക് നീക്കം കുറഞ്ഞു, ഗോഡൗണുകളെല്ലാം കാലി, വളർച്ച മുരടിച്ച് കൊച്ചി തുറമുഖവും വില്ലിങ്ടൺ ഐലൻ്റും
മുളവുകാട്ടില്‍ ഭൂമി അനുവദിച്ച് കിട്ടിയവരുടെ സർവ്വേ നടപടികളാണ് ഇപ്പോൾ നടക്കുന്നത്. പ്രഖ്യാപനം കഴിഞ്ഞ് 17വർഷങ്ങൾക്ക് ശേഷമാണ് സർവ്വേ. പലരും വാടകവീടുകളിലാണ് താമസം. 2013 വരെ സർക്കാർ വാടക നൽകി. പിന്നീട് അതും മുടങ്ങി. അനുവദിച്ച ഭൂമി വാസയോഗ്യമല്ലെന്ന് പിഡബ്ല്യുഡി റിപ്പോർട്ട് സർക്കാരിന് മുന്നിലുണ്ട്. എ ക്ലാസ് ഭൂമിയിൽ പുനരധിവാസം ഉറപ്പാക്കണമെന്ന ഹൈക്കോടതി വിധിയും. എന്നിട്ടും 316ൽ ഇതുവരെ വീട് പണിയാനായത് 55 പേർക്ക് മാത്രമാണ്. ചതുപ്പുനിലത്തിൽ പണിത വീടുകളിൽ പലതും വാസയോഗ്യവും അല്ലാതായി. വല്ലാർപാടം പദ്ധതിക്കായി ഭൂമി ഒഴിഞ്ഞ് കൊടുത്ത മനുഷ്യരോടുള്ള സര്‍ക്കാര്‍ അവഗണന എന്ന് അവസാനിക്കും എന്ന ചോദ്യമാണ് ബാക്കി.