കൊടകര കുഴൽപ്പണക്കേസ്; പരാതിക്കാരൻ്റെയും ഡ്രൈവറുടെയും ചോദ്യം ചെയ്യൽ പൂർത്തിയായി, ആറര മണിക്കൂർ നീണ്ടു‍

By Web TeamFirst Published May 27, 2021, 5:46 PM IST
Highlights

പറയാനുള്ളതെല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ധർമ്മരാജൻ പ്രതികരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഷംജീർ തയ്യാറായില്ല. 

തൃശ്ശൂര്‍: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ പരാതിക്കാരായ ധർമ്മരാജൻ്റെയും ഡ്രൈവർ ഷംജീറിൻ്റെയും ചോദ്യം ചെയ്യൽ പൂർത്തിയായി. ചോദ്യം ചെയ്യൽ ആറര മണിക്കൂർ നീണ്ടുനിന്നു. പറയാനുള്ളതെല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്ന് ധർമ്മരാജൻ പ്രതികരിച്ചു. മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഷംജീർ തയ്യാറായില്ല. 

അതേസമയം, കേസിൽ ബിജെപി ബന്ധം വെളിപ്പെടുത്തുന്ന കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. കുഴൽപ്പണ സംഘത്തിന് തൃശൂരിലെ ഹോട്ടലിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമെന്ന് ഹോട്ടൽ ജീവനക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. പുതിയ മൊഴികളുടെ പശ്ചാത്തലത്തിലാണ് പരാതിക്കാരായ ധർമ്മരാജനെയും ഡ്രൈവറെയും തൃശൂരിൽ വിളിച്ചു വരുത്തി വീണ്ടും മൊഴി രേഖപ്പെടുത്തിയത്.

കോഴിക്കോട് നിന്നും മൂന്നരക്കോടി കുഴൽപ്പണവുമായി വന്ന ധർമ്മരാജനും സംഘത്തിനും തൃശൂർ നാഷണൽ ഹോട്ടലിൽ താമസമൊരുക്കിയത് ബിജെപി ജില്ലാ നേതൃത്വമാണെന്നാണ് ഹോട്ടൽ ജീവനക്കാരൻ വ്യക്തമാക്കുന്നത്. വൈകിട്ട് ഏഴ് മണിക്ക് ശേഷമായിരുന്നു മുറിയെടുത്തതെന്നും  12 മണിയോടെ രണ്ട് വാഹനങ്ങളിലായെത്തിയ സംഘം  215, 216 നമ്പർ മുറികളിൽ താമസിച്ചെന്നും ഹോട്ടൽ ജീവനക്കാരൻ  പറയുന്നു.

പുലർച്ചയോടെ ആലപ്പുഴയ്ക്ക് പുറപ്പെട്ട സംഘത്തെ കൊടകരയിൽ തടഞ്ഞു നിർത്തി കൊള്ളയടിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരൻ്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഹോട്ടൽ രേഖകളും സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരനായ ധർമ്മരാജനെയും ഡ്രൈവർ ഷംജീറിനെയും വിളിപ്പിച്ചത്. 
 

click me!