Latest Videos

കൊടകര കുഴൽപ്പണക്കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ; കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെ !

By Web TeamFirst Published May 21, 2021, 8:11 PM IST
Highlights

സംസ്ഥാനത്തിന് പുറത്ത് നിന്നാണ് പണം കൊണ്ടുവന്നതെന്നും പണം കൊടുത്തുവിട്ട ആളെക്കുറിച്ച് സൂചന കിട്ടിയെന്നും പൊലീസ് അറിയിച്ചു. കൂടുതൽ പേരെ നാളെ ചോദ്യം ചെയ്യും.

തൃശ്ശൂർ: കൊടകര കുഴൽപ്പണക്കേസിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ധർമ്മരാജനും സുനിൽ നായിക്കും. കാറിലുണ്ടായിരുന്നത് മൂന്നരക്കോടി തന്നെയെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പരാതിയിൽ 25 ലക്ഷമെന്ന് പറഞ്ഞത് സ്രോതസ് വെളിപ്പെടുത്താൻ കഴിയാത്തതിനാലെന്നും ഇവർ ചോദ്യം ചെയ്യലിൽ പറഞ്ഞു. 

സംസ്ഥാനത്തിന് പുറത്ത് നിന്നാണ് പണം കൊണ്ടുവന്നതെന്നും പണം കൊടുത്തുവിട്ട ആളെക്കുറിച്ച് സൂചന കിട്ടിയെന്നും പൊലീസ് അറിയിച്ചു. കൂടുതൽ പേരെ നാളെ ചോദ്യം ചെയ്യും. ധർമ്മരാജനെയും സുനിൽ നായിക്കനെയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. 

കേസിൽ മുഖ്യ പ്രതികളിലൊരാളായ രഞ്ജിത്തിൻ്റെ ഭാര്യ ദീപ്തിയെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കവർച്ചാ പണം ഒളിപ്പിച്ച കുറ്റത്തിനാണ് അറസ്റ്റ്. പണം ഒളിപ്പിച്ച് വെക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് രഞ്ജിത്തിൻ്റെ ഭാര്യ ദീപ്തിയാണെന്നായിരുന്നു അന്വേഷണസംഘത്തിന്‍റെ കണ്ടെത്തല്‍. രഞ്ജിത്തിൻ്റെ തൃശ്ശൂര്‍ പുല്ലൂറ്റിലെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസം 14 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. മുഖ്യ പ്രതികളായ രജ്ഞിത്തും മുഹമ്മദ് അലിയും തട്ടിയെടുത്ത പണം  നിരവധി പേർക്ക് വീതം വെച്ചതായാണ് പൊലീസ് കണ്ടെത്തല്‍.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട 25 ലക്ഷം രൂപ കവ‍ർന്നെന്നായിരുന്ന ആർഎസ്എസ് പ്രവർത്തകനായ ധർമ്മരാജൻ പൊലീസിന് നൽകിയിരുന്ന പരാതി. നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ച സംസ്ഥാനത്തെ ഒരു മുതിർന്ന ബിജെപി നേതാവിനായി എത്തിയ മൂന്നരക്കോടിയുടെ കുഴൽപ്പണമാണ് കവർച ചെയ്തതെന്നാണ് ആക്ഷേപം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!