ഞങ്ങൾ ആലപ്പുഴയിലുണ്ട്, സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കണമെന്ന് ഷെജിൻ

Published : Apr 15, 2022, 08:59 AM ISTUpdated : Apr 15, 2022, 09:01 AM IST
ഞങ്ങൾ ആലപ്പുഴയിലുണ്ട്, സ്വസ്ഥമായി  ജീവിക്കാൻ അനുവദിക്കണമെന്ന് ഷെജിൻ

Synopsis

''രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, ഞങ്ങളെ സ്വസ്ഥമായി  ജീവിക്കാൻ അനുവദിക്കണം...''

ആലപ്പുഴ: ജോയ്‌സ്നയുമായുള്ള വിവാഹം വിവാദമാകുകയും ലൗ ജിഹാദ് ആരോപണം വരെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ എവിടെയുണ്ടെന്ന് വ്യക്തമാക്കി ഡിവൈഎഫ്ഐ നേതാവ് ഷെജിൻ. ഷെജിനും ജോയ്സ്നയും ആലപ്പുഴയിലെ തന്റെ അടുത്ത ബന്ധുവിന്റെ  വീട്ടിലാണ് താമസിക്കുന്നതെന്നും ഇവർക്ക് രാഷ്ട്രീയ ബന്ധമില്ലെന്നും ഷെജിൻ ഫേസ്ബുക്കിൽ കുറിച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്, ഞങ്ങളെ സ്വസ്ഥമായി  ജീവിക്കാൻ അനുവദിക്കണം - ഷെജിൻ പറഞ്ഞു. 

ഷെജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പ്രിയപ്പെട്ടവരേ...
ഞാനും ജോയ്സ്നയും ആലപ്പുഴയിലെ എന്റെ അടുത്ത ബന്ധുവിന്റെ  വീട്ടിലാണ് താമസിക്കുന്നത്.
(ഇവര്‍ ഒരു രാഷ്ട്രീയ പാര്‍ടിയുടെയും ഭാഗമല്ല)
പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ ഞങ്ങള്‍ ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതാണ്.
തികഞ്ഞ  മതനിരപേക്ഷ നിലപാടാണ് ജീവിതത്തില്‍ ഇത്രയും നാള്‍ സ്വീകരിച്ചത്.
ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി പ്രവര്‍ത്തകനായി മതനിരപേക്ഷ വാദിയായി തന്നെ മരണം വരെയും തുടരുകയും ചെയ്യും.
രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയോ,വർഗീയ പ്രചരണങ്ങൾക്ക് വേണ്ടിയോ ഞങ്ങളുടെ ജീവിതത്തെ ഉപയോഗിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അനാവശ്യ വിവാദങ്ങളെല്ലാം അവസാനിപ്പിച്ച്,ഞങ്ങളെ 
സ്വസ്ഥമായി  ജീവിക്കാൻ അനുവദിക്കണമെന്ന് എല്ലാവരോടും വിനീതമായി അപേക്ഷിക്കുകയാണ്.

ലവ് ജിഹാദ് വിവാദം തള്ളി കോടഞ്ചേരിയിലെ മിശ്രവിവാഹിതരായ ജോയ്സനയും ഷിജിനും നേരത്തേ രം​ഗത്തെത്തിയിരുന്നു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുമായ ഷജിനും ജോയ്സനയും തമ്മിലുള്ള വിവാദം കോടഞ്ചേരി മേഖലയിൽ വലിയ വിവാദങ്ങൾക്കും രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങൾക്കും കാരണമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. ഇക്കാര്യത്തിൽ സമുദായ സംഘടനകള്‍ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്നും പല സംഘടനകളില്‍ നിന്നും തങ്ങൾക്ക് ഭീഷണിയുണ്ടെന്നും ഇരുവരും ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. വ്യക്തിപരമായ കാര്യമായതിനാലാണ് പാര്‍ട്ടിയെ അറിയിക്കാതിരുന്നതെന്നും ഇതിൽ തനിക്ക് വീഴ്ച പറ്റിയെന്നും ഷെജിന്‍ പറഞ്ഞു. 

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോ‍ടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസും കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫും വീട് വിട്ടിറങ്ങിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.. 

എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജോയ്സന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷെജിന്‍ ജോയ്സനനെയുമായി ഒളിവില്‍ കഴിയുന്നതെന്നും ജ്യോത്സനയുടെ കുടുംബം ആരോപിച്ചു. അതേസമയം, ഷെജിന്‍റെ നടപടിയെ സിപിഎം തളളിപ്പറ‌ഞ്ഞിരുന്നു. ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവന്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു. ജോയ്സനയെ കണ്ടെത്താൻ ഹേബിയസ് കോര്‍പ്പസ് ഹ‍ര്‍ജിയുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ ദമ്പതികൾ കോടതിയിൽ ഹാജരായി മാതപിതാക്കൾക്കൊപ്പം പോകാൻ ആഗ്രഹമില്ലെന്ന് ജോയ്സന വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ദമ്പതികളെ വിട്ടയക്കുകയും ചെയ്തു. 

'കേരളത്തിൽ ലൗ ജിഹാദ് ഇല്ല'; പറഞ്ഞത് വിഴുങ്ങി ജോർജ് എം തോമസ്

കോഴിക്കോട്: ലൗ ജിഹാദ് (Love Jihad) പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോർജ് എം തോമസ്. കേരളത്തിൽ ലൗ ജിഹാദ് ഇല്ല എന്നതാണ് വാസ്തവമെന്ന് ജോർജ് എം തോമസ് തിരുത്തി. ലൗ ജിഹാദ് ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. തെറ്റിദ്ധരിക്കാവുന്ന വിധത്തിൽ പ്രതികരിച്ചത് ഒഴിവാക്കാമായിരുന്നു. നിരവധി പേർ വിദേശത്തുനിന്നടക്കം വിളിച്ചു വിമർശനം അറിയിച്ചുവെന്നും ജോർജ് എം തോമസ് പറഞ്ഞു. 

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യമാണ് എന്നായിരുന്നു ജോർജ് എം തോമസ് ഇന്നലെ പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഡിവൈഎഫ്ഐ നേതാവ് ഷെജിനും ജോയ്‌സ്നയും തമ്മിലുള്ള വിവാഹം വിവാദമായ സാഹചര്യത്തിലായിരുന്നു ജോർജ് എം തോമസിന്റെ പ്രതികരണം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡിഎഫും യുഡിഎഫും സഖ്യം ഉണ്ടാക്കിയിരിക്കുന്നത് തീവ്രവാദ ശക്തികളുമായി, എൻഡിഎക്ക് ശക്തമായ മുന്നേറ്റമുണ്ടാകും; കെ സുരേന്ദ്രൻ
ആദ്യ രണ്ട് മണിക്കൂറിൽ 8.82 % പോളിംഗ്; രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര