സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിയുടെ കൈയ്യും ഓഫീസും ശുദ്ധം, പാർട്ടിയുടെ പൂർണ്ണ പിന്തുണ: കോടിയേരി

By Web TeamFirst Published Jul 17, 2020, 4:27 PM IST
Highlights

ശിവശങ്കറിന് എതിരെ കസ്റ്റംസോ എൻഐഎയോ റിപ്പോർട്ട് നൽകിയിട്ടില്ല. സ്വപ്നയ്ക്ക് വഴിവിട്ട രീതിയിൽ നിയമനം നൽകിയെന്ന ആരോപണം അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ ഇടത് സർക്കാരിനും സിപിഎമ്മിനും ഒന്നും ഒളിക്കാനില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടിയുടെ പൂർണ്ണ പിന്തുണ പ്രഖ്യാപിക്കും. മുഖ്യമന്ത്രിക്കെതിരായ വ്യാജ പ്രചാരണത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കും. ജനങ്ങളും പാർട്ടിയും സർക്കാരിനെ അസ്ഥിരീകരിക്കുന്നതിനുള്ള ശ്രമത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലേക്ക് വരുന്ന സ്വർണ്ണത്തിന്റെ നിറം ചുവപ്പാണെന്നാണ് ജെപി നഡ്ഡ പറഞ്ഞത്. എന്നാൽ ഇതല്ലെന്ന് തെളിഞ്ഞു. സ്വർണ്ണത്തിന്റെ നിറം കാവിയും പച്ചയുമാണെന്ന് തെളിഞ്ഞു. അറസ്റ്റിലായവരെ നോക്കിയാൽ ഇത് വ്യക്തമാകും. തീവ്രവാദ സംഘടനകളുമായി കൂട്ടുകൂടുന്ന ലീഗിനും കോൺഗ്രസിനും കേസന്വേഷണം അട്ടിമറിക്കാനാണ് ശ്രമം. ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതിന് വേണ്ടിയാണ്. തെളിവുകളുണ്ടെങ്കിൽ അത് അന്വേഷണ സംഘത്തിന് കൊടുത്താൽ പോരേയെന്നും കോടിയേരി ചോദിച്ചു. 

പ്രതിപക്ഷം മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് പ്രചാരണം നടത്തുന്നു. സർക്കാരിനെ അസ്ഥിരീകരിക്കുന്നതിനാണ് ശ്രമം. ബിജെപിക്കും കോൺഗ്രസിനും രാഷ്ട്രീയമായ ലക്ഷ്യമാണുള്ളത്.  പിണറായി സർക്കാരിനെ പിരിച്ചുവിടുമെന്ന് ബിജെപി ദേശീയ നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. കുറ്റക്കാരെ കണ്ടെത്തുന്നതിന് പകരം പ്രചാരണ കോലാഹലം നടത്തി സർക്കാരിനെ അട്ടിമറിക്കാനാണ് ശ്രമം.

ആഗസ്റ്റ് ആദ്യം സംസ്ഥാനത്ത് ഗൃഹ സന്ദർശനം പാർട്ടി നടത്തും. ആഗസ്റ്റ് 16 ന് ബ്രാഞ്ച് തലത്തിൽ പ്രചാരണം സംഘടിപ്പിക്കും. സർക്കാരിനെതിരെ കള്ള പ്രചാരണം തുറന്നു കാണിക്കാൻ കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തും. ഇതിനാണ് സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ അസ്ഥിരീകരിക്കാനുള്ള നീക്കങ്ങൾ കേരളത്തിൽ വിജയിക്കില്ലെന്നും കോടിയേരി പറഞ്ഞു.

കേസ് അന്വേഷണം തുടങ്ങും മുൻപ് തന്നെ ഇത് സിപിഎമ്മിനെതിരെ ഉപയോഗിക്കാനുള്ള ഗൂഢാലോചന പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആദ്യം ആരോപണം ഉന്നയിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷനാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാരും സ്വർണ്ണം വിട്ടുകൊടുക്കാൻ ബന്ധപ്പെട്ടിട്ടില്ല. വിളിച്ചവരിൽ ഒരാൾ ബിഎംഎസിന്റെ പ്രവർത്തകനാണ്. അത് മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആരോപണം ഉന്നയിച്ചത്. 
ശിവശങ്കറിനെ ആരോപണം ഉയർന്നപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അദ്ദേഹത്തെ മാറ്റി. ആ ദിവസം മുതൽ ശിവശങ്കറിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി യാതൊരു ചുമതലയും കൊടുത്തിരുന്നില്ല.

ശിവശങ്കറിന് എതിരെ കസ്റ്റംസോ എൻഐഎയോ റിപ്പോർട്ട് നൽകിയിട്ടില്ല. സ്വപ്നയ്ക്ക് വഴിവിട്ട രീതിയിൽ നിയമനം നൽകിയെന്ന ആരോപണം അന്വേഷിക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ഇത്തരമൊരു സന്ദർഭത്തിൽ ഏത് സർക്കാരും നടത്തേണ്ട ഉത്തമ മാതൃകയാണ് ഇടത് സർക്കാരിന്റേത്. മുഖ്യമന്ത്രിക്കോ സർക്കാരിനോ ആരെയും സംരക്ഷിക്കാൻ ശ്രമമില്ല. 

സോളാർ കേസിൽ മുഖ്യമന്ത്രിക്ക് എതിരെ വരെ ആരോപണം ഉയർന്നു. ഉമ്മൻചാണ്ടി പറഞ്ഞിട്ടാണ് പണം കൊടുത്തതെന്ന് അടക്കം ആരോപണം ഉയർന്നു. സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ കൈയ്യും മുഖ്യമന്ത്രിയുടെ ഓഫീസും ശുദ്ധമാണ്. കൊവിഡ് നിബന്ധനകൾ ലംഘിച്ചുള്ള സമരം സംസ്ഥാനത്ത് നടന്നു. ഹൈക്കോടതി ഇടപെടേണ്ടി വന്നത് ഇതുകൊണ്ടാണ്. 

സ്വർണ്ണം നയതന്ത്ര പാർസലായി കോൺസുലേറ്റിലെ അറ്റാഷെയുടെ പേരിലാണ് വന്നത്. നയതന്ത്ര പാർസലിൽ വന്ന സ്വർണ്ണം പിടിച്ചെടുത്തത് കസ്റ്റംസിന്റെ ധീരമായ നടപടി. എൻഐഎക്ക് ഇത്തരം കാര്യങ്ങൾ അന്വേഷിക്കുന്നതിന് വിപുലമായ അധികാരമുണ്ട്. എൻഐഎ ഭീകര ബന്ധവും തീവ്രവാദ ബന്ധവും മറ്റുമാണ് അന്വേഷിക്കുന്നത്. യുഎപിഎ ചുമത്തി തന്നെ എൻഐഎ കേസ് രജിസ്റ്റർ ചെയ്തു. കസ്റ്റംസും എൻഐഎയും നടത്തുന്ന അന്വേഷണം പഴുതടച്ച രീതിയിലാവണം. 

കൊവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ നിസ്സഹകരണം നടത്തുന്നു. ഉദ്യോഗസ്ഥർ പ്രവർത്തനം നേരിട്ട് ഏറ്റെടുത്ത് ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനം നടത്തണം. കൊവിഡ് പ്രതിരോധം സംബന്ധിച്ച് സെക്രട്ടേറിയേറ്റ് പരിശോധിച്ചു. കൊവിഡ് വ്യാപനത്തെ ആശങ്കയോടെ നോക്കിക്കാണുന്നു. സാമൂഹിക വ്യാപനത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയുണ്ട്. ചില പ്രദേശങ്ങളിൽ സ്ഥിതി ഗുരുതരം. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പാർട്ടി പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണം. സമ്പൂർണ്ണ സാക്ഷരതാ യജ്ഞവും ജനകീയാസൂത്രണ പ്രവർത്തനവും പോലെ പ്രതിരോധ പ്രവർത്തനം ആവശ്യമാണ്. ഓരോ വീടും പരിശോധിച്ച് എന്ത് സഹായം വേണമെന്ന് നോക്കി ഇടപെടണമെന്നും കോടിയേരി പറഞ്ഞു.

click me!