കുഞ്ഞാലിക്കുട്ടി ബിജെപിക്ക് വേണ്ടി ഏതറ്റവും പോകും, പ്രവാസികളുടെ ജീവിതം പന്താടുന്നു; കോടിയേരി

Published : Sep 20, 2020, 06:02 PM IST
കുഞ്ഞാലിക്കുട്ടി ബിജെപിക്ക് വേണ്ടി ഏതറ്റവും പോകും, പ്രവാസികളുടെ ജീവിതം പന്താടുന്നു; കോടിയേരി

Synopsis

രണ്ട്‌ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന പ്രസ്‌താവന നടത്തിയ പാര്‍ലമെന്റ്‌ അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക്‌ എതിരെ കേസ്‌ എടുക്കുണമെന്ന് കോടിയേരി 

തിരുവനന്തപുരം: ഖുറാനും ഈന്തപ്പഴവും നേരായ വഴിക്കല്ല യു എ ഇ കേരളത്തിലേക്ക്‌ കൊണ്ടുവന്നതെന്ന്‌ ആവര്‍ത്തിച്ച കുഞ്ഞാലിക്കുട്ടി ലക്ഷക്കണക്കിന്‌ മലയാളികളുടെ ജീവീതം കൊണ്ട് പന്താടുകയാണെന്ന് സിപിഎം സംസ്താന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍സുലേറ്റിലേക്ക്‌ യു എ ഇ സര്‍ക്കാര്‍ അയച്ച ഖുറാനിലും ഈന്തപ്പഴത്തിലും സ്വര്‍ണ്ണം കടത്തിയെന്ന്‌ ആരോപിക്കുന്ന കുഞ്ഞാലിക്കുട്ടി, ആ രാജ്യത്തെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ്‌ ചെയ്യുന്നതെന്ന് കോടിയേരി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി ബാലകൃഷ്ണന്‍ പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. 
ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലിചെയ്യുന്ന രാജ്യമാണ്‌ യു എ ഇ.  ആ രാജ്യം അവരുടെ കോണ്‍സുലേറ്റിലേക്ക്‌ അയച്ചതാണ്‌ ഖുറാനും ഈന്തപ്പഴവും. ഇത്‌ കേന്ദ്രസര്‍ക്കാറിന്റെ കസ്റ്റംസ്‌ ക്ലിയറന്‍സ്‌ ചെയ്‌തതുമാണ്‌. അങ്ങനെയിരിക്കെ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയെന്നും ഈന്തപ്പഴത്തില്‍ കുരുവിന്‌ പകരം സ്വര്‍ണ്ണമാണെന്നും ധ്വനിപ്പിക്കുന്ന രീതിയിൽ കുഞ്ഞാലിക്കുട്ടി ആരോപണം ഉന്നയിക്കുകയാണ്. 

പറഞ്ഞ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ ഇത്‌ സംബന്ധിച്ച തെളിവുകള്‍ അടിയന്തിരമായി എന്‍ ഐ എക്ക്‌ കൈമാറാന്‍ കുഞ്ഞാലിക്കുട്ടി തയ്യറാകണം. അല്ലെങ്കില്‍ ഇത്രയും നിരുത്തരവാദിത്വപരമായ പ്രസ്‌താവനയ്‌ക്ക്‌ കുഞ്ഞാലിക്കുട്ടി മാപ്പ്‌ പറയണം. 
രണ്ട്‌ രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധത്തെ തകര്‍ക്കുന്ന പ്രസ്‌താവന നടത്തിയ പാര്‍ലമെന്റ്‌ അംഗം കൂടിയായ കുഞ്ഞാലിക്കുട്ടിക്ക്‌ എതിരെ കേസ്‌ എടുക്കുകയും വേണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തോടുള്ള പ്രത്യേക താല്‍പര്യത്തിന്റെ ഭാഗമായാണ്‌ തിരുവനന്തപുരത്ത്‌ യു എ ഇ കോണ്‍സുലേറ്റ്‌ ആരംഭിക്കുന്നത്‌. നയതന്ത്ര ബാഗേജ്‌ വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റ്‌ ചെയ്‌തിട്ടുണ്ടെങ്കില്‍ അന്വേഷിച്ച്‌ വസ്‌തുതകള്‍ പുറത്തുകൊണ്ടുവരേണ്ടതാണ്‌. എന്നാല്‍ അതൊന്നും ചെയ്യാതെ യു എ ഇ എന്ന രാജ്യത്തെതന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ശ്രമം പ്രവാസി മലയാളികളെ കൊലക്ക്‌ കൊടുക്കുന്നതിന്‌ തുല്യമാണ്‌.

ബി ജെ പിക്കുവേണ്ടി ഏതറ്റംവരേയും പോകാന്‍ മടിയില്ലാത്ത കുഞ്ഞാലിക്കുട്ടി, അപകടകരമായ നീക്കങ്ങളാണ്‌ നടത്തുന്നത്‌. നേരത്തെ സംഘപരിവാര്‍ വാദം ഏറ്റുപിടിച്ച്‌ ഖുറാനെ അധിക്ഷേപിച്ചു, ഇപ്പോള്‍ യു എ ഇ യെ കള്ളക്കടത്ത്‌ രാജ്യമായും പ്രഖ്യാപിച്ചു. ഇടതുപക്ഷ വിരുദ്ധതയും അധികാരമോഹവും മുസ്ലിം ലീഗിനെ എത്രമാത്രം അധപതിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്‌. 

സാമുദായിക സംഘടനകളുള്‍പ്പെടെ എതിര്‍ത്തിട്ടും ഖുറാന്‍ വിരുദ്ധത കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചത്‌ ബി ജെ പി  വിധേയത്വത്തിന്റെ ആഴം തുറന്നുകാണിക്കുന്നു. ലീഗ്‌ - കോണ്‍ഗ്രസ്സ്‌ - ബി.ജെ.പി കൂട്ടുക്കെട്ടിന്റെ ദേശവിരുദ്ധ ശ്രമങ്ങളെ ഒറ്റപ്പെടുത്താന്‍ നാടിനെ സ്‌നേഹിക്കുന്നവര്‍ തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആലുവ സ്റ്റേഷനിൽ അവകാശികളില്ലാതെ പുൽപ്പായക്കെട്ട്, സംശയം തോന്നി നോക്കിയപ്പോൾ രഹസ്യ അറയിൽ കഞ്ചാവ്; പിടിച്ചത് 17 കിലോ
ശ്രീനിവാസന് വിട; മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി, കാലത്തിനു മുന്‍പേ നടന്നയാളെന്ന് പ്രതിപക്ഷ നേതാവ്