'ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി നിര്‍വഹിച്ച സഖാവ്'; ജോസഫൈന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോടിയേരി

Published : Apr 10, 2022, 02:49 PM IST
'ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി നിര്‍വഹിച്ച സഖാവ്'; ജോസഫൈന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് കോടിയേരി

Synopsis

ജോസഫൈന്‍റെ നിര്യാണത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം അറിയിക്കുന്നതായി കോടിയേരി പറഞ്ഞു. 

കണ്ണൂര്‍: എം സി ജോസഫൈന്‍റെ (M C Josephine) നിര്യാണത്തില്‍ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ (Kodiyeri Balakrishnan). ജോസഫൈന്‍റെ അകാല നിര്യാണം എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി നിര്‍വഹിച്ച സഖാവായിരുന്നു ജോസഫൈന്‍. ജോസഫൈന്‍റെ നിര്യാണത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം അറിയിക്കുന്നതായി കോടിയേരി പറഞ്ഞു. 

  • കോടിയേരി ബാലകൃഷ്ണന്‍റെ വാക്കുകള്‍

ജോസഫൈന്‍റെ അകാല നിര്യാണം  എല്ലാവരെയും ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസില്‍ സജീവമായി പങ്കെടുത്ത് വരുമ്പോഴാണ് ദുരന്തം സംഭവിച്ചത്. യുവജനപ്രസ്ഥാനത്തിന്‍റെ കാലം മുതലേ സജീവമായി പ്രവര്‍ത്തിച്ചുവന്ന സഖാവാണ്. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവരെയായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സത്യസന്ധമായി നിര്‍വഹിച്ച സഖാവായിരുന്നു ജോസഫൈന്‍. ജോസഫൈന്‍റെ നിര്യാണത്തില്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അഗാധമായ അനുശോചനം അറിയിക്കുന്നു.

അടിയുറച്ച പാർട്ടിക്കാരി, വിഎസ് പക്ഷത്തെ കരുത്ത

സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായിരിക്കെ ചെന്ന് പെട്ട വിവാദങ്ങൾ മാത്രമല്ല എം സി ജോസഫൈൻ എന്ന മുതിർന്ന നേതാവിന്‍റെ രാഷ്ട്രീയ പാരമ്പര്യം. വിട്ടു വീഴ്ചയില്ലാത്ത നിലപാടുകളുടെ പേരിൽ പലവട്ടം പഴി കേട്ടിട്ടുള്ള നേതാവാണ്. പാർട്ടിയുടെ സംഘടനാ രംഗത്തായിരുന്നു ദീർഘനാളായി പ്രവർത്തനം. അച്യുതാനന്ദൻ വിഭാഗത്തിൽ ഉറച്ചു നിന്ന നേതാവായിരുന്നു ജോസഫൈന്‍. പാർട്ടി വിഭാഗീയതയുടെ പേരിൽ തെരഞ്ഞെടുപ്പ് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടും ഉറച്ചു നിന്നു. ഒരു വട്ടം ജിസിഡിഎ ചെയർപേഴ്സണായി. സിപിഎം വിഭാഗീയത കത്തി നിന്ന സമയത്തും വിഎസ്സിനൊപ്പം ഉറച്ചുനിന്ന അവർക്ക് പാർട്ടിയായിരുന്നു എല്ലാത്തിലും വലുത്. 

1948 ആഗസ്‌ത്‌ മൂന്നിന്‌ മുരിക്കുംപാടം മാപ്പിളശേരി ചവര – മഗ്‌ദലേന ദമ്പതികളുടെ മകളായി ജനിച്ച എം സി ജോസഫൈൻ വിദ്യാർഥി – യുവജന – മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌.  ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റ് സംസ്ഥാന പ്രസിഡന്‍റ്, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാലകൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങൾ വഹിച്ചു. അടിയുറച്ച പാർട്ടിക്കാരിയായിരുന്നു. എല്ലാ സാഹചര്യത്തിലും പാർട്ടിക്കൊപ്പം നിന്നു.  

1978ൽ സിപിഎം അംഗത്വം. 1984ൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗം. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റായി. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്‍റുമായിരുന്നു. അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു. 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയായിരുന്നു.

അസംബ്ലി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജോസഫൈൻ ഒരു ജേതാവായിരുന്നില്ല. 1989ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ പാല കെ എം മാത്യുവിനോട് 91,479 വോട്ടിന് പരാജയപ്പെട്ടു. 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മട്ടാഞ്ചേരി മണ്ഡലത്തിൽ മൽസരിച്ചിരുന്നു. അന്നും പരാജയം. മുസ്ലീം ലീഗിന്‍റെ വി കെ ഇബ്രാംഹിം കുഞ്ഞായിരുന്നു അന്നത്തെ എതിരാളി. ( വികെ ഇബ്രാഹിം കുഞ്ഞ് (മുസ്ലീം ലീഗ്) – 36,119 വോട്ട്, എംസി ജോസഫൈൻ (സിപിഎം) – 20,587 വോട്ട്, പ്രൊഫ മാത്യൂ പൈലി (ബിജെപി) – 2,324 വോട്ട് )

2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊച്ചി നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡൊമനിക് പ്രസന്‍റേഷനോട് പരാജയപ്പെട്ടു. ( ഡൊമനിക് പ്രസന്റേഡഷൻ (കോൺഗ്രസ്) – 56,352 വോട്ട്, എംസി ജോസഫൈൻ (സിപിഎം) – 39,849 വോട്ട്, കെ ശശിധരൻ മാസ്റ്റർ (ബിജെപി) – 5,480 വോട്ട് ). 2016ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മൽസരിച്ചില്ല 2017 മാർച്ച് മുതൽ 2021വരെ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പിണറായിയിൽ പൊട്ടിയത് സ്ഫോടക വസ്തു തന്നെ, പൊലീസിന്റെയും സിപിഎമ്മിന്റേയും വാദം പൊളിച്ച് ദൃശ്യങ്ങൾ
ശബരിമല സ്വർണക്കൊള്ളക്കേസ്: പങ്കജ് ഭണ്ഡാരിയേയും ഗോവർധനേയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു