
കണ്ണൂർ: ആത്മഹത്യ ചെയ്ത ആരോഗ്യ വകുപ്പ് ജീവനക്കാരിയുടെ ആരോപണം ശരി വെച്ച് ഓഡിറ്റ് റിപ്പോർട്ട്. കണ്ണൂർ കൊടുവള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ജില്ലാതല കണക്ക് പരിശോധന വിഭാഗം നടത്തിയ ഓഡിറ്റിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്ക് ആയിരുന്ന ഉഷ കുമാരിയുടെ ആത്മഹത്യാക്കുറിപ്പിലും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ച് പരാമർശം ഉണ്ടായിരുന്നു.
കഴിഞ്ഞ ജനുവരി 26 നാണ് ഒടുവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ സീനിയർ ക്ലർക്ക് ഉഷ കുമാരിയെ വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉഷയുടെ ആത്മഹത്യ കുറിപ്പിൽ ഫണ്ട് തിരിമറിയിൽ തന്നെ പങ്കാളിയാക്കാൻ ശ്രമിച്ചെന്നും, കൂട്ടുനിൽക്കാത്തതിൻ്റെ പേരിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ മാനസികമായി പീഡിപ്പിച്ചെന്നും ആരോപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം പ്രഖ്യാപിച്ചത്. തുടർന്ന് ജില്ലാ കണക്ക് പരിശോധന വിഭാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഓഡിറ്റ് നടത്തി റിപ്പോർട്ട് പുറത്തുവിട്ടു. ഇടപാടുകളിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നെന്നാണ് കണ്ടെത്തൽ. ഓഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. എൻ എച്ച് എം ഫണ്ട്, പ്രോജക്ട് ഫണ്ട് എന്നിവ മുഖേനയുള്ള സാമ്പത്തിക ഇടപാടുകളിൽ കൃത്യതയില്ലെന്നാണ് റിപ്പോർട്ടിലെ പരാമർശം. വ്യക്തമായ പരിശോധന നടത്താതെയും ബില്ലുകളുടെ ആധികാരികത ഉറപ്പു വരുത്താതെയും സാമ്പത്തിക ഇടപാട് നടത്തിയെന്നും ചൂണ്ടിക്കാണിക്കുന്നു.
പല ഫണ്ടുകളും അതത് സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് നൽകാതെ വ്യക്തിഗത അക്കൗണ്ടിലേക്ക് കൈമാറിയെന്നും റിപ്പോർട്ടിലുണ്ട്. പരിശീലന പരിപാടികൾക്കായി സർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്തതിലടക്കം തിരിമറി നടന്നെന്നാണ് കണ്ടെത്തൽ. കൂടാതെ മെഡിക്കൽ ഓഫീസർ കൃത്യമായി ഒപിയിൽ രോഗികളെ പരിശോധിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2022 മുതൽ മൂന്ന് വർഷ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ടിന്റെ വിവരങ്ങളാണ് പുറത്തുവന്നത്. ഇതേ കാലയളവിലാണ് ആരോപണ വിധേയയായ മെഡിക്കൽ ഓഫീസറുടെ സേവനവുമുണ്ടായിരുന്നത്. ഉഷാ കുമാരിയുടെ ആത്മഹത്യക്ക് പിന്നാലെ കുടുംബം മെഡിക്കൽ ഓഫീസർക്കെതിരെ തളിപ്പറമ്പ് ഡിവൈഎസ്‌പിക്ക് അടക്കം പരാതി നൽകിയിരുന്നു. ഓഡിറ്റിൽ കണ്ടെത്തിയ സാമ്പത്തിക ക്രമക്കേടുകൾക്ക് മൂന്നാഴ്ചയ്ക്കുള്ളിൽ കൃത്യമായ മറുപടി നൽകാനാണ് നിർദേശം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam