
കോട്ടയം: കൂട്ടിക്കല്‍ (koottikkal)ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ട (Natural disaster) ഒരാളുടെ മൃതദേഹം(deadbody) കൂടി കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെതെന്ന് സംശയം. എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കാഞ്ഞിരപള്ളി ആശുപത്രിയില്‍ എത്തിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിലാണ് കൂട്ടിക്കലിലും കൊക്കയാറിലും ഉരുള്‍പൊട്ടിയത്. അപകടത്തില്‍ നിരവധി പേര്‍ മരിച്ചു. ചിലരുടെ മൃതദേഹം കണ്ടെത്തിയിരുന്നില്ല. . നിരവധി വീടുകള്‍ നശിച്ചു. ആയിരങ്ങളാണ് കുടിയൊഴിഞ്ഞു പോയത്. കേരളത്തില്‍ കാലവര്‍ഷം തുടരുകയാണെങ്കിലും ശക്തി കുറഞ്ഞത് ആശ്വാസമായിട്ടുണ്ട്.
വെള്ളിയാഴ്ചയുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കില്‍ മാത്രം തകര്‍ത്തത് 774 വീടുകള്‍ എന്നാണ് പ്രാഥമിക കണക്ക്. കോടിക്കണക്കിനു രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. നാശനഷ്ടം കൃത്യമായി കണക്കാക്കാന്‍ ഏഴു പ്രത്യേക സംഘങ്ങളെ റവന്യൂ വകുപ്പ് നിയോഗിച്ചിട്ടുണ്ട്.
കൊക്കയാറിലൂടെയും പുല്ലകയാറിലൂടെയും കലിതുള്ളിയൊഴുകി എത്തിയ വെളളവും പലഭാഗത്തായുണ്ടായ വലുതും ചെറുതുമായ ഉരുള്‍ പൊട്ടലുകളുമാണ് കൊക്കയാര്‍, പെരുവന്താനും വില്ലേജുകളില്‍ വന്‍ നാശം വിതച്ചത്. 183 വീടുകള്‍ പൂര്‍ണമായും 591 എണ്ണം ഭാഗികമായി തകര്‍ന്നെന്നാണ് റവന്യൂവകുപ്പിന്റെ പ്രാഥമിക കണക്ക്. വീടു തകര്‍ന്നുമാത്രമുണ്ടായ നഷ്ടം പതിമൂന്നു കോടി എണ്‍പത്തിരണ്ടു ലക്ഷം രൂപ. കൃഷി നാശം ഉള്‍പ്പെടെയുള്ളവ കണക്കാക്കി വരുന്നതേയുള്ളൂ. ആറിന്റെ കരയിലുണ്ടായിരുന്ന പല വീടുകളുടെയും സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകള്‍ വിള്ളല്‍ വീണ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. വീട്ടു സാധനങ്ങളും ഒഴുകിപ്പോയി. ഉടുതുണി മാത്രമായി രക്ഷപെട്ടവരും നിരവധി. കൊക്കയാറില്‍ മാത്രം ഏഴു പേര്‍ മരിച്ചു. ഒഴുക്കില്‍ പെട്ട ആന്‍സിയെ ഇനിയും കണ്ടെത്താനായിട്ടില്ല. പെരുവന്താനത്ത് ഒരാളും മരിച്ചു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തിര സഹായമായി പതിനായിരം രൂപ വീതം കൈമാറി. പരുക്കേറ്റ പതിനൊന്നു പേരില്‍ ആറു പേര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കി.
പീരുമേട് താലൂക്കില്‍ വീടു നഷ്ടപ്പെട്ട 461 കുടുംബങ്ങളിലെ 1561 പേര്‍ ഇപ്പോഴും ദുരിതാശ്വസ ക്യാമ്പിലാണ്. ഒന്‍പതു ക്യാമ്പുള്‍ കൊക്കയാറിലുണ്ട്. ഇവിടെ മാത്രം 1260 പേരും. ആഴങ്ങാട്, ആനചാരി, പെരുവന്താനം, ഉറുമ്പിക്കര എന്നിവിടങ്ങളിലെല്ലാം മഴ നാശം വിതച്ചു. നാശനഷ്ടം കണക്കാക്കാന്‍ അഞ്ചു പേര്‍ വീതമടങ്ങുന്ന ഏഴു സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ചു സംഘങ്ങള്‍ കൊക്കയാറിലെ നഷ്ടം തിട്ടപ്പെടുത്താനാണ്. ഏക്കറുകണക്കിനു സ്ഥലത്തെ കൃഷിയും നശിച്ചു. റോഡുകളും പാലങ്ങളും തകര്‍ന്നത് വേറെ. തിങ്കളാഴ്ച ഈ സംഘങ്ങള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോഴേ നാശനഷ്ടം സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ അറിയാന്‍ കഴിയൂ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam