
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും മുൻ മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെയും രൂക്ഷ വിമർശനം. കൊല്ലം ജില്ലാ കൗൺസിലിലാണ് വിമർശനം ഉയർന്നത്. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനം. സംസ്ഥാന സെക്രട്ടറി ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന് തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേർന്ന കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തുറന്നടിച്ചു.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉപജാപക സംഘത്തിന്റെ പിടിയിലാണെന്ന് ജില്ലാ കൗൺസിലിൽ വിമർശിച്ചു. ബിനോയ് വിശ്വത്തിന് സ്വതന്ത്ര തീരുമാനം ഇല്ലെന്നും ഉപജാപക സംഘങ്ങൾ പറയുന്നതാണ് അദ്ദേഹം കേൾക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് കാരണം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ്. പ്രതിപക്ഷ നേതാവിൻ്റെ മകൾ വീണാ വിജയനെ പിന്തുണക്കേണ്ട കാര്യമില്ലായിരുന്നു. ഇഡിക്കെതിരായ സമരത്തിൽ സിപിഐ പിന്തുണയ്ക്കാൻ പാടില്ലായിരുന്നു. ടി വിണ പാർട്ടി അംഗമല്ലെന്നും ഇഡിക്കെതിരായ ആക്രമണത്തെ അപലപിക്കണമായിരുന്നുവെന്നും വിമർശനം ഉയർന്നു. കൊല്ലം ജില്ലയിലെ നാല് സീറ്റുകളിലും പത്തനംതിട്ട ജില്ലയിലെ അടൂർ സീറ്റിലും പരാജയത്തിന് കാരണഭൂതൻ ഒരു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണെന്നും നേതാക്കൾ വ്യക്തമാക്കി.
അതേസമയം, കൗൺസിൽ യോഗത്തിൽ മുൻ മന്ത്രി ജെ ചിഞ്ചുറാണിക്കെതിരെയും രൂക്ഷവിമർശനം ഉയർന്നു. ചിഞ്ചു റാണിക്ക് പാർട്ടി നേതാക്കളെ പോലും അറിയില്ല. ഒരു സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ അടുത്ത് ചിഞ്ചുറാണി മൂന്നുതവണ വോട്ട് ചോദിച്ചു. പാർട്ടി നേതാക്കളെ പോലും അവർക്ക് അറിയില്ലായിരുന്നു. ഭരണം ലഭിക്കരുതെന്ന് ഒരു വിഭാഗം പ്രവർത്തകർ ആഗ്രഹിച്ചു. ഭരണമുള്ളപ്പോൾ പദവികൾ ഇഷ്ടക്കാർക്ക് വീതിച്ച് നൽകി. സുപ്രധാന തസ്തികയിൽ നിന്ന് വിരമിച്ച വ്യക്തിക്ക് ഉടൻതന്നെ മറ്റൊരു സുപ്രധാന പദവി നൽകി. ചിലർക്ക് മാത്രം പദവികൾ കിട്ടുന്നതിനാൽ ഭരണം ലഭിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഒരു വിഭാഗം പ്രവർത്തകർ ചിന്തിച്ചുവെന്നും അംഗങ്ങൾ തുറന്നടിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam