
കൊല്ലം: മത്സ്യഫെഡ് അഴിമതിയിൽ സംസ്ഥാന സര്‍ക്കാരിനെതിരെ കൊല്ലം ലത്തീൻ രൂപത. വലിയ അഴിമതി രണ്ട് ഉദ്യോഗസ്ഥരിലേക്ക് മാത്രമൊതുക്കാനാണ് സര്‍ക്കാര്‍ നോക്കുന്നതെന്ന് ലത്തീന്‍ അതിരൂപത ആരോപിക്കുന്നു. അഴിമതിക്കാരെ മുഴുവൻ പിടികൂടിയില്ലെങ്കിൽ മത്സ്യത്തൊഴിലാളികളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കൊല്ലം രൂപത വൈദികൻ ഫാ. ജോര്‍ജ്ജ് സെബാസ്റ്റ്യൻ പറഞ്ഞു.
കേസില്‍ ഒരാളെ അറസ്റ്റ് കേസ് ഒത്തു തീര്‍ക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് കൊല്ലം രൂപത പ്രത്യക്ഷമായി സര്‍ക്കാരിനെതിരെ രംഗത്തെത്തുന്നത്. മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്നതിന്റെ മറവില്‍ ഫിഷറീസ് വകുപ്പില്‍ നടന്ന തട്ടിപ്പിൽ, സമഗ്ര അന്വേഷണം നടത്തി മുഴുവൻ കുറ്റവാളികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് സഭയുടെ ആവശ്യം. കേവലം രണ്ട് പേര്‍ ചേര്‍ന്ന് മാത്രം നടത്തിയ തട്ടിപ്പായി സഭ ഇതിനെ കാണുന്നില്ല. മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ് പിടിയിലായ രണ്ടു പേരെന്ന് ഫാ. ജോര്‍ജ്ജ് സെബാസ്റ്റ്യന്‍ ആരോപിക്കുന്നു.
വലിയ തട്ടിപ്പ് നടന്നിട്ടും സര്‍ക്കാർ മൗനം നടിക്കുകയാണെന്നാണ് സഭയുടെ ആരോപണം. അഴിമതി സംബന്ധിച്ച് സമഗ്ര അന്വേഷണം സർക്കാർ പ്രഖ്യാപിക്കണമെന്നും സഭ ആവശ്യപ്പെടുന്നു. മത്സ്യഫെഡിൽ 350 പേരെ പിൻവാതിലിലൂടെ നിയമിച്ചത് ഇത്തരം അഴിമതികൾക്കാണെന്നും സഭ കുറ്റപ്പെടുത്തുന്നു. മത്സ്യത്തൊഴിലാളികളെ വഞ്ചിക്കുന്ന നിലപാട് സര്‍ക്കാർ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് രൂപത വ്യക്തമാക്കുന്നു.
Read More : മത്സ്യഫെഡ് അഴിമതി: സര്‍ക്കാരിന്റെ മൗനം ദുരൂഹം, സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വി ഡി സതീശൻ
മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്നതിന്റെ മറവില്‍ ഫിഷറീസ് വകുപ്പില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആവശ്യപ്പെട്ടിരുന്നു. കോടികളുടെ തട്ടിപ്പ് രണ്ടു ജീവനക്കാരുടെ മാത്രം തലയില്‍ കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊല്ലം ജില്ലയില്‍ നടന്ന തട്ടിപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടന്നിട്ടുണ്ടെന്നാണ് വിവരം. ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam