'നിഷ്‌കളങ്കനെങ്കില്‍ എന്തിന് റെക്കോര്‍ഡ് ചെയ്തു?'; ഫോൺവിളി വിവാദത്തിൽ പ്രതികരിച്ച് മുകേഷ് എംഎൽഎ, പരാതി നൽകും

By Web TeamFirst Published Jul 4, 2021, 6:48 PM IST
Highlights

തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ്.റിക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോണ്‍ വിളികള്‍ എന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് 

വൈറലായ ഓഡിയോ ക്ലിപ്പിന് പിന്നാലെ വിശദീകരണവുമായി കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് പറയുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന്  തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു. രാഷ്ട്രീയ പ്രചാരണമാണ് നിലവില്‍ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതിന്‍റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. റിക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോണ്‍ വിളികള്‍ എന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറയുന്നു. 

തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസല്‍ട്ട് വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കുന്നുണ്ട്. ചിലര്‍ വിളിക്കുന്നത് ട്രെയിന്‍ ലേറ്റ് ആയോന്ന് ചോദിച്ചാണ്, മറ്റ് ചിലര്‍ക്ക് കറന്‍റില്ലാന്ന് പ്രശ്നം. ആരോ പ്ലാന്‍ ചെയ്ത പോലെയാണ് ഈ ഫോണ്‍ വിളികള്‍. ക്ഷുഭിതനായി സംസാരിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ ഫോണ്‍ വിളികള്‍ എന്ന് മനസിലാക്കാന്‍ സാധിക്കുന്ന രീതിയിലാണ് സംസാരം. ആളുകളുടെ ഫോണ്‍ എടുക്കാതിരിക്കാത്ത ആളല്ല താന്‍. എടുക്കാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ തിരികെ വിളിക്കാനും ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അടുത്തിടെ വൈറലായ കുട്ടിയുടെ സംഭവം വളരം പ്ലാന്‍ ചെയ്ത് നടന്ന ഒരു ഹരാസ്മെന്‍റ് പരിപാടിയുടെ ഭാഗമാണെന്നും മുകേഷ് പറയുന്നു. 

സൂം മീറ്റിംഗിന് ഇടയിലാണ് വിളിച്ചുകൊണ്ടേയിരിക്കുന്നത്. ഇതിനിടയില്‍ കുട്ടിയോട് സൂം മീറ്റിലാണ് തിരിച്ച് വിളിക്കാമെന്നും പറഞ്ഞിരുന്നു. അതിന് ശേഷവും ആറ് പ്രാവശ്യം വിളിച്ചപ്പോഴേയ്ക്കും മീറ്റിംഗ് കട്ട് ആയിപ്പോയി. ഈ സമയത്താണ് നിലവില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഓഡിയോ സംസാരം വന്നത്. എന്തുകൊണ്ടാണ് ആദ്യം മുതലുള്ള റിക്കോര്‍ഡിംഗ് പുറത്തുവിടാത്തതെന്നും മുകേഷ് ചോദിക്കുന്നു. ഇത്തരത്തില്‍ കുട്ടികളെ ഉപയോഗിച്ച് തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്നത് കേള്‍ക്കരുതെന്നും മുകേഷ് ആവശ്യപ്പെടുന്നു.

പാലക്കാട് നിന്നും സഹായം അഭ്യർഥിച്ച് വിളിച്ച പത്താം ക്ലാസുകാരനോട് എം എൽ എ കയർത്തു സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണ് നവ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സഹായത്തിനു വിളിക്കേണ്ടത് സ്വന്തം നാട്ടിലെ എംഎൽഎയെ ആണെന്നും തൻ്റെ നമ്പർ തന്ന കൂട്ടുകാരൻ്റെ ചെവിക്കുറ്റി അടിച്ചു പൊട്ടിക്കുമെന്നും മുകേഷ് ഓഡിയോ ക്ലിപ്പിൽ പറയുന്നുണ്ട്. മുകേഷിനെ വിളിച്ച വിദ്യാർഥി ആരെന്ന് വ്യക്തമായിട്ടില്ല. നേരത്തെ അർധരാത്രിയിൽ വിളിച്ച ആരാധകനോട് മുകേഷ് കയർക്കുന്ന ഓഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!