
കൊല്ലം: കൊല്ലം ഓയൂരിൽ നിന്ന് 6 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സംഘം ഉപയോഗിച്ച വാഹനത്തിന്‍റെ നമ്പർ വ്യാജം, സ്ഥിരീകരിച്ച് പൊലീസ്. അതേസമയം, 18 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെ തട്ടിക്കൊണ്ടുപോയവരെ കുറിച്ച് പൊലീസിന് വ്യക്തതയില്ല. സംസ്ഥാന പൊലീസ് സേന അതിന്റെ മുഴുവൻ സംവിധാനങ്ങളും ഉപയോഗിച്ച് രാത്രി മുഴുവൻ നാടിൻറെ മുക്കും മൂലയും അരിച്ചുപെറുക്കിയിട്ടും പ്രതികൾ ആരെന്ന സൂചന പോലുമില്ല. പ്രതികളിൽ ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. പ്രതികൾ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന നിർണായക സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.
ഇന്നലെ വൈകീട്ട് നാലരക്കാണ് ട്യൂഷന് പോകും വഴി സഹോദരന് മുന്നിൽവെച്ചാണ് 6 വയസുകാരി അബിഗേൽ സാറയെ വെള്ള കാറിലെത്തിയ സംഘം കടത്തിക്കൊണ്ടുപോയത്. അനിയത്തിയെ രക്ഷിക്കാൻ സഹോദരൻ ആവും പോലെ ശ്രമിച്ചെങ്കിലും പറ്റിയില്ല. ഓടിയെത്തിയ അമ്മൂമ്മയും കണ്ടു നിന്ന നാട്ടുകാരിയും നിസഹായരായിരുന്നു. ഉടൻ തന്നെ വിവരം പൊലീസിലറിയിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. സിസിടിവിയിൽ നിന്ന് കിട്ടിയ വാഹന നമ്പർ പിന്നീട് വ്യാജമെന്ന് തിരിച്ചറിഞ്ഞു. ആറ് മണിയോടെ നാടൊട്ടുക്ക് പൊലീസ് പരിശോധനയ്ക്കിറങ്ങി. സമീപ ജില്ലകളിലും അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദ്ദേശം നൽകി. പക്ഷേ കുട്ടിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.
അതിനിടെയാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോൺ കോൾ എത്തുന്നത്. രണ്ട് തവണയാണ് ഫോൺ കോൾ എത്തിയത്. ആദ്യം അഞ്ച് ലക്ഷം രൂപയും പിന്നീട് പത്ത് ലക്ഷം രൂപയുമാണ് സംഘം ആവശ്യപ്പെട്ടത്. രാവിലെ 10 മണിക്കകം പണം തയ്യാറാക്കി വയ്ക്കണമെന്നായിരുന്നു നിർദേശം. പൊലീസ് അന്വേഷണത്തിൽ ഫോൺ വിളിച്ചത് പാരിപ്പള്ളിയിലെ ഒരു കടയുടെ ഉടമയുടെ ഫോണിൽ നിന്നാണെന്ന് വ്യക്തമായി. ഒരു സ്ത്രീയും പുരുഷനും വന്ന് സാധനങ്ങൾ വാങ്ങിയെന്നും അവർ ഫോൺ വിളിക്കാനുപയോഗിച്ചെന്നുമാണ് കടയുടമ പൊലീസിന് നൽകിയ മൊഴി. അതിനിടെ, കടയിലെത്തിയ പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. ഈ രേഖാചിത്രത്തിലെ മുഖത്തെയാണ് ഇപ്പോൾ കേരളം തേടുന്നത്. അബിഗേൽ സാറ എന്ന പൊന്നോമനയുടെ തിരിച്ചുവരവിനായി ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളം.
കണ്‍ട്രോള്‍ റൂം നമ്പര്‍: 112
വിവരങ്ങള്‍ അറിയിക്കാന്‍: 9946923282
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam