യുജിസി അംഗീകാരം കാത്ത് കൊല്ലം ശ്രീനാരായണ ഓപ്പൺ സർവകലാശാല, കോഴ്സുകൾ തുടങ്ങാൻ തടസ്സം, ആശങ്കയോടെ വിദ്യാർത്ഥികൾ

By Web TeamFirst Published Jun 10, 2021, 10:30 AM IST
Highlights

കഴിഞ്ഞ ഒക്ടോബറില്‍ വളരെ തിരക്കിട്ടാണ് ശ്രീ നാരായണ ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടനം സംസ്ഥാന സർക്കാർ നടത്തിയത്. യുജിസി അംഗീകാരം കിട്ടും മുമ്പായിരുന്നു ഉദ്ഘാടനം. 20 ബിരുദ കോഴ്സുകളും ഒമ്പത് ബിരുദാനന്തരബിരുദ കോഴ്സുകളുമായി ഈ അക്കാദമിക് വർഷം തന്നെ കോഴ്സുകൾ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. 

കൊല്ലം: കൊല്ലം ശ്രിനാരായണ ഓപ്പൺ സർവകലാശാല വികസനത്തിന് ബജറ്റിൽ പണം നീക്കിവച്ചെങ്കിലും യുജിസി അംഗീകാരം ലഭിക്കാത്തത് കോഴ്സുകൾ തുടങ്ങാൻ തടസമാകുന്നു. വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദ പഠനം നടത്താൻ ആഗ്രഹിക്കുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികളും ഇതോടെ പ്രതിസന്ധിയിലാണ്. എന്നാൽ സർവകലാശാലയ്ക്ക് യുജിസി അംഗീകാരം ഉണ്ടെന്നും കോഴ്സുകൾക്ക് അംഗീകാരം കിട്ടാത്തത് യുജിസി പോർട്ടൽ തുറക്കാത്തതു കൊണ്ടാണെന്നും വൈസ് ചാൻസലർ മുബാറക് പാഷ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ വളരെ തിരക്കിട്ടാണ് ശ്രീ നാരായണ ഓപ്പൺ സർവകലാശാലയുടെ ഉദ്ഘാടനം സംസ്ഥാന സർക്കാർ നടത്തിയത്. യുജിസി അംഗീകാരം കിട്ടും മുമ്പായിരുന്നു ഉദ്ഘാടനം. 20 ബിരുദ കോഴ്സുകളും ഒമ്പത് ബിരുദാനന്തരബിരുദ കോഴ്സുകളുമായി ഈ അക്കാദമിക് വർഷം തന്നെ കോഴ്സുകൾ തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. 

എന്നാൽ കോഴ്സുകൾക്കുള്ള യുജിസി അംഗീകാരം ഇനിയുമായിട്ടില്ല. യുജിസിയ്ക്ക് കീഴിലെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോ അംഗീകാരം കിട്ടാത്തതാണ് തടസം. കൊവിഡ് പ്രതിസന്ധി മൂലം ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ പോർട്ടൽ തുറക്കാത്തതാണ് അംഗീകാരം ലഭിക്കാനുള്ള കാലതാമസത്തിന് കാരണമായി സർവകലാശാല വിശദീകരിക്കുന്നത്.

ഈ അക്കാദമിക് വർഷം കോഴ്സുകൾ തുടങ്ങാനാകുമോ എന്ന കാര്യത്തിൽ സർവകലാശാല അധികൃതർക്കും ഉറപ്പില്ല. വിദൂരപഠനത്തിനായി പ്രത്യേക സർവകലാശാല രൂപീകരിച്ചതോടെ സംസ്ഥാനത്തെ മറ്റ് സർവകലാശാലകൾ വിദൂരപഠനവും പ്രൈവറ്റ് രജിസ്ട്രേഷനും ഏതാണ്ട് അവസാനിപ്പിച്ച മട്ടുമാണ്. ഇതോടെയാണ് വിദൂരപഠനത്തിലൂടെ ബിരുദം പ്രതീക്ഷിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കയും ഉയരുന്നത്. ഇതിനിടെ സംസ്ഥാന ബജറ്റിൽ പത്തുകോടി രൂപ സർവകലാശാലയ്ക്കായി അനുവദിച്ചതോടെ പുതിയ ആസ്ഥാന മന്ദിരം സ്ഥാപിക്കാനുള്ള നടപടികൾ സർവകലാശാല തുടങ്ങുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!