
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര ചികിത്സാപിഴവ്. ശ്വാസംമുട്ടലിന് ചികിത്സ തേടിയെത്തിയ 16-കാരിക്ക് നൽകിയത് 88-കാരിയുടെ എക്സ്റേ. കൃത്യമായ് എക്സ്റേ പരിശോധിക്കാതെ നട്ടെല്ലിന് വളവുണ്ടെന്ന് പറഞ്ഞ് മരുന്ന് നിർദ്ദേശിച്ച് ഡോക്ടർ. ഈ മാസം 14 നാണ് കൂടൽ അതിരുങ്കൽ സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിനി ശ്വാസം മുട്ടലിനെ തുടർന്ന് കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി എത്തിയത്. ഡ്യൂട്ടി ഡോക്ടർ ദീപ്തിയാണ് കുട്ടിയെ പരിശോധിച്ചത്. നെഞ്ചിന്‍റെ എക്സ്റേ എടുക്കാൻ നിർദ്ദേശിച്ചു. എക്സ്റേ ഫിലിം ഡോക്റെ കാണിച്ചപ്പോൾ നട്ടെല്ലിന് വളവുണ്ടെന്നു പറഞ്ഞ് അതിനു വേണ്ട മരുന്ന് കുറിച്ചു നൽകി. ഡോക്ടറുടെ നിർദ്ദേശപ്രകാരം മൂന്ന് ദിവസത്തെ മരുന്ന് കഴിച്ചു.
തുടർ ചികിത്സയ്ക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിയപ്പോഴാണ് മെഡിക്കൽ കോളേജിൽ ചികിത്സ തേടി എത്തിയ 88 കാരി ദേവകിയമ്മയുടെ എക്സ്റേയാണ് തനിക്ക് ലഭിച്ചതെന്നും ഇതിൻ പ്രകാരമാണ് ഇല്ലാത്ത രോഗത്തിന് ചികിത്സ ലഭിച്ചതെന്നും കുട്ടി തിരിച്ചറിഞ്ഞത്. ചികിത്സാ പിഴവിൽ ഡോക്ടർ ദീപ്തിക്കും എക്സ്റേ വിഭാഗം ജീവനക്കാർക്കുമെതിരെ ശക്തമായ നടപടി വേണമെന്ന് വീട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവിക്കും ആശുപത്രി അധികൃതർക്കും വീട്ടുകാർ പരാതി നൽകിയിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജ് സൂപ്രണ്ട് റേഡിയോളജി ഡിപ്പാർട്മെന്റിനോട് സംഭവത്തിൽ വിശദീകരണം തേടിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam