
മൂന്നാർ: പങ്കെടുത്ത മൂന്നെണ്ണത്തിൽ എറ്റവും ബുദ്ധിമുട്ടുണ്ടായത് അരിക്കൊമ്പൻ ദൗത്യത്തിലെന്ന് കോന്നി സുരേന്ദ്രന്റെ പാപ്പാൻ വൈശാഖ് ഏഷ്യാനെറ്റ് ന്യൂസിനോട്. ദൗത്യത്തിന്റെ അവസാന സമയത്ത് മഴ പെയ്തത് വലിയ ബുദ്ധിമുട്ടുണ്ടാക്കി. ആനകൾക്ക് ചവിട്ടി നിൽക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാക്കി. ഇറങ്ങിത്തിരിച്ച സ്ഥിതിക്ക് വിജയം കണ്ടേ മടങ്ങൂ എന്ന് ഏല്ലവരും ഉറപ്പിച്ചിരുന്നുവെന്നും പാപ്പാൻ വൈശാഖ് പറയുന്നു. 301 കോളനിയിലെ കുങ്കി ക്യാമ്പിൽ നിന്നാണ് ഇദ്ദേഹം പ്രതികരിച്ചത്.
അധികൃതർക്ക് കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നതിനാലാണ് മിഷൻ വൈകിയത്. എല്ലാം വൃത്തിയായി ചെയ്തു. ഭൂഘടന ബുദ്ധിമുട്ടുണ്ടാക്കി. മയക്കുവെടി വെച്ചാൽ ചെങ്കുത്തായ സ്ഥലങ്ങളിൽ അരിക്കൊമ്പൻ എങ്ങനെ പ്രതികരിക്കുമെന്നത് ആശങ്കയായിരുന്നു. നമ്മൾ പറഞ്ഞാൽ അനുസരിക്കുന്ന ആനയല്ലല്ലോ അരിക്കൊമ്പൻ. ചെറിയ പരിക്കുകളേയുള്ളൂ. കോന്നി സുരേന്ദ്രന്റെ മൂന്നാമത്തെ ദൗത്യമായിരുന്നു. വിജയകരമായി പൂർത്തിയാക്കിയതിൽ സന്തോഷമുണ്ടെന്നും വൈശാഖ് പറഞ്ഞു.