കൂടത്തായി കൊലപാതക പരമ്പര: മാത്യുവിനെ കൊല്ലാന്‍ രണ്ട് തവണ സയനൈഡ് നൽകിയെന്ന് ജോളി

By Web TeamFirst Published Nov 8, 2019, 1:03 PM IST
Highlights

ജോളിയെ കൂടത്തായിയിൽ  പൊന്നാമറ്റം വീട്, മാത്യു മഞ്ചാടിയിലിന്‍റെ വീട് എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിൽ കൊലപാതകക്കേസിൽ മുഖ്യപ്രതി ജോളിയെ കൂടത്തായിയിലും ഓമശേരിയിലും എത്തിച്ച് തെളിവെടുത്തു. കൂടത്തായിയിൽ പൊന്നാമറ്റം വീട്, മാത്യു മഞ്ചാടിയിലിന്‍റെ വീട് എന്നിവിടങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.

മാത്യു മഞ്ചാടിയിലിന്റെ മരണം ഉറപ്പാക്കാൻ രണ്ട് തവണ സയനൈഡ് നൽകിയെന്ന് ജോളി മൊഴി നല്‍കി. ആദ്യം മാത്യുവിന്റെ വീട്ടിൽ എത്തി ഭക്ഷണത്തിൽ സയനൈഡ് കലർത്തി വച്ചു. ഇതിന് കഴിച്ചതിന് ശേഷം ഛർദ്ദിച്ച് അവശനായ മാത്യു തനിക്ക് വയ്യെന്ന് ജോളിയെ വിളിച്ച് പറഞ്ഞു. ഉടൻ എത്തിയ ജോളി വെള്ളത്തിൽ സയനൈഡ് കലർത്തി നൽകുകയായിരുന്നു. മാത്യുവിന്റെ ഭാര്യ കട്ടപ്പനയിൽ കല്യാണത്തിന് പോയ ദിവസമാണ് കൊലയ്ക്ക് തെരഞ്ഞെടുത്തതെന്നും ജോളി മൊഴി നല്‍കി. 

ജോളിയെ ഇന്ന് ഓമശേരിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി. കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഷാജുവിന്‍റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഷാജു രഹസ്യമൊഴി നല്‍കിയത്. ഈ കേസില്‍ നേരത്തെ ജോളിയുടെ രണ്ട് മക്കളുടേയും മരിച്ച സിലിയുടെ സഹോദരന്‍ സിജോയുടേയും രഹസ്യമൊഴികള്‍ രേഖപ്പെടുത്തിയിരുന്നു.

അതിനിടെ കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി,ഷാജുവിന്‍റെ ഭാര്യ സിലിയെ കൊല്ലാൻ  നേരത്തെയും ശ്രമിച്ചുവെന്ന് സൂചിപ്പിക്കുന്നതിന്റെ രേഖകൾ അന്വേഷണ സംഘം കണ്ടെടുത്തു. കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ സിലിയെ ചികിത്സിച്ചതിന്‍റെ വിവരങ്ങളാണ് വടകര തീരദേശ പൊലീസിന് ലഭിച്ചത്. അരിഷ്ടം കുടിച്ച് കുഴഞ്ഞ് വീണതിനെത്തുടർന്നാണ് സിലിയെ ആശുപത്രിയിലെത്തിച്ചതെന്ന് രേഖകളിലുണ്ട്. എന്നാൽ സിലിയുടെ ഉള്ളിൽ വിഷാംശമുണ്ടെന്ന് പരിശോധിച്ച ഡോക്ടർ കുറിച്ചിട്ടുണ്ട്. 

click me!