'ജോളി സയനൈഡ് ആവശ്യപ്പെട്ടത് തഹസില്‍ദാര്‍ ജയശ്രീക്ക് വേണ്ടി': വെളിപ്പെടുത്തി മാത്യു

By Web TeamFirst Published Oct 8, 2019, 4:46 PM IST
Highlights

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിന് മുമ്പ് തന്നെയാണ് സയനൈഡ് വാങ്ങിനല്‍കിയതെന്നാണ് മാത്യു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഈ സയനൈഡ് തന്നെയാണ് റോയിയുടെ മരണത്തിന് കാരണമായതെന്നും പൊലീസ് സംശയിക്കുന്നുണ്ട്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി സയനൈഡ് ആവശ്യപ്പെട്ടത് തഹസീല്‍ദാര്‍ ജയശ്രീക്ക് വേണ്ടിയെന്ന് പിടിയിലായ ജ്വല്ലറി ജീവനക്കാരന്‍ മാത്യു. കഴിഞ്ഞ ദിവസമാണ് മാത്യു പൊലീസിനോട് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഇതോടെ കൂടത്തായി കൊലപാതക പരമ്പരകളില്‍ അന്വേഷണം കൂടുതല്‍ വ്യക്തികളിലേക്ക് നീങ്ങുമെന്ന സൂചനയാണ് പുറത്തുവരുന്നത്. ഒരുതവണ മാത്രമാണ് സയനൈഡ് വാങ്ങിയതെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവമായതിനാല്‍ എത്ര അളവിലാണ് അന്നത് വാങ്ങിയതെന്ന് ഓര്‍മ്മയില്ലെന്നുമാണ് മാത്യു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 

ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണ് സയനൈഡ് എന്നായിരുന്നു ജോളി തന്നോട് തന്നോട് പറഞ്ഞത്. സയനൈഡ് വാങ്ങിതരണമെന്ന് ജയശ്രീയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍  ജോളിയുടെ വീട്ടില്‍ വച്ച് ചില തവണ കണ്ടിട്ടുണ്ടെന്ന് അല്ലാതെ ജയശ്രീയെ വലിയ പരിചയമില്ലായിരുന്നു. സ്വര്‍ണ്ണപ്പണിക്കാരനായ പ്രജുകുമാറിന്‍റെ അടുത്ത് നിന്നാണ് ജോളിക്ക് സയനൈഡ് വാങ്ങിനല്‍കിയതെന്നും മാത്യു പറഞ്ഞിട്ടുണ്ട്.  

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തിന് മുമ്പ് തന്നെയാണ് സയനൈഡ് വാങ്ങിനല്‍കിയതെന്നാണ് മാത്യു പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഈ സയനൈഡ് തന്നെയാണ് റോയിയുടെ മരണത്തിന് കാരണമായതെന്നും പൊലീസ് സംശയിക്കുന്നുണ്ട്.  മാത്യുവിന്‍റെ നിര്‍ണ്ണായക മൊഴിയില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്തിയേക്കും. ജയശ്രീക്ക് എന്തിനായിരുന്നു സയനൈഡ് തുടങ്ങിയ കാര്യങ്ങള്‍ പൊലീസ് വരും ദിവസങ്ങളില്‍ അന്വേഷിക്കും.

അതേസമയം കൂടുതൽ ആളുകളെ വകവരുത്താൻ തീരുമാനിച്ചിരുന്നുവെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയെന്നാണ് സൂചന. ഇതിന് സഹായം നൽകിയത് റോയിയുടെ അടുത്ത ചില ബന്ധുക്കളാണെന്നും കൊലപാതകങ്ങളെ കുറിച്ച് രണ്ട് ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്നും ജോളി വെളിപ്പെടുത്തിയെന്നും സൂചനയുണ്ട്. സയനൈഡ് ഉപയോഗിക്കുന്ന രീതിയും അവർക്ക് അറിയാമായിരുന്നു എന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞെന്നാണ് വിവരം. ജോളിയെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് നാളെ അപേക്ഷ നല്‍കും. അതിന് മുമ്പ് ഈ വിവരങ്ങള്‍ കൃത്യത വരുത്തിയ ശേഷം അടുത്ത ചോദ്യം ചെയ്യലില്‍ ജോളിക്ക് മുന്നില്‍ ചോദ്യങ്ങള്‍ നിരത്തുക എന്നതാണ് അന്വേഷണ സംഘത്തിന്‍റെ നീക്കം. 

click me!