ട്രൂ കോളറിൽ തെളിഞ്ഞത് 'മലർ', എടുത്തപ്പോൾ ജോളി: സ്വാധീനിക്കാൻ ശ്രമിച്ചെന്ന് റെമോ

By Web TeamFirst Published Jun 12, 2020, 3:48 PM IST
Highlights

ആറ് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളാണ്. ജയിലിലാണ് അവരുള്ളത്. എന്നാൽ വളരെയധികം സമയമെടുത്താണ് സംസാരിച്ചത്

കോഴിക്കോട്: സംസ്ഥാനത്തെ നടുക്കിയ കൂടത്തായി സയനൈഡ് കൊലപാതക പരമ്പര കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ജോളി, മൊബൈൽ നമ്പറിൽ നിന്ന് തന്നെയാണ് വിളിച്ചതെന്ന് മകൻ റെമോ. മെയ് മാസത്തിലാണ് ഫോൺ വിളിക്കാൻ ആരംഭിച്ചതെന്നും ഇക്കാര്യങ്ങളെല്ലാം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചെന്നും റെമോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

"വളരെ ലാഘവത്തോടെയാണ് ആ സ്ത്രീ സംസാരിച്ചത്. ആറ് പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്നയാളാണ്. ജയിലിലാണ് അവരുള്ളത്. എന്നാൽ വളരെയധികം സമയമെടുത്താണ് സംസാരിച്ചത്. കേസിൽ കൃത്യമായ അന്വേഷണം നടന്നിട്ടില്ലെന്ന് ഇപ്പോൾ ഞങ്ങൾക്ക് മനസിലായി."

"വിളിച്ചത് ലാന്റ് ഫോണിൽ നിന്നല്ല. മൊബൈൽ ഫോണിൽ നിന്നാണ്. ട്രൂ കോളറിൽ മലർ എന്നാണ് പേര് തെളിഞ്ഞത്. എന്നാൽ കോളെടുത്തപ്പോൾ അവരായിരുന്നു. അവരുടേത് ജയിൽ നമ്പറിൽ നിന്നുള്ള കോളായിരുന്നെങ്കിൽ അത്തരത്തിൽ കാണിക്കണമായിരുന്നു. തമിഴ്‌നാട്ടിൽ രജിസ്റ്റർ ചെയ്ത നമ്പറാണ് ഇതെന്ന് സൈബർ സെല്ലിൽ അന്വേഷിച്ചപ്പോൾ മനസിലായി. കേസ് വന്നപ്പോൾ തന്നെ വ്യക്തമായ നിലപാടെടുത്തുതാണ്. എന്നെ അവർക്ക് സ്വാധീനിക്കാനാവില്ല."

"എന്റെ അപ്പനും വല്യപ്പനും വല്യമ്മയുമാണ് മരിച്ചത്. ആ സ്ത്രീയെ ഞാൻ അനുകൂലിക്കില്ല. എന്താണ് അവർക്ക് പറയാനുള്ളതെന്ന് അറിയേണ്ടതിനാലാണ് ഫോൺ എടുത്തത്. ആ സ്ത്രീ പ്രതിയാണ്. കേസന്വേഷണത്തിൽ എനിക്ക് തൃപ്തിയില്ല. കേസുമായി ബന്ധപ്പെട്ട പല കാര്യത്തിലും അന്വേഷണം പൂർത്തിയായിട്ടില്ല. അപ്പനാണ് കൊല്ലപ്പെട്ടത്. എനിക്ക് ഫൈറ്റ് ചെയ്തേ പറ്റൂ."

"പല പ്രതികളും ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അവരുടെ സംസാരത്തിൽ നിന്ന് മനസിലായി. പല ആളുകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നെ മാത്രമല്ല പലരെയും അവർ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ട്. പലരോടും ബന്ധം നിലനിർത്തുന്നുണ്ട്," എന്നും റെമോ പറഞ്ഞു.

click me!