Latest Videos

കൂളിമാട് പാലം: തകര്‍ച്ചയ്ക്ക് ഉത്തരവാദികളായവരെ സംരക്ഷിച്ച് സര്‍ക്കാര്‍; ആരോപണ വിധേയര്‍ക്ക് കൂടുതൽ ചുമതലകൾ

By Web TeamFirst Published Sep 18, 2022, 9:34 AM IST
Highlights

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഏറ്റവുമധികം ആരോപണം നേരിട്ട ഉദ്യോഗസ്ഥന് കൂടുതൽ ചുമതലകൾ നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ സരള്‍ രാസ്തയുടെ ഭാഗമായി അപാകത കണ്ടെത്തിയ റോഡുകളിലൊന്നിന്‍റെ അറ്റകുറ്റപ്പണി നടത്തിയതും ഇതേ സംഘം.

കോഴിക്കോട്: കോഴിക്കോട്ടെ കൂളിമാട് പാലത്തിന്‍റെ തകർച്ചയ്ക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി മുഹമ്മദ് റിയാസ് പ്രഖ്യാപിച്ച നടപടി പഴ്വാക്കായി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഏറ്റവുമധികം ആരോപണം നേരിട്ട ഉദ്യോഗസ്ഥന് കൂടുതൽ ചുമതലകൾ നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം ഓപ്പറേഷന്‍ സരള്‍ രാസ്തയുടെ ഭാഗമായി അപാകത കണ്ടെത്തിയ റോഡുകളിലൊന്നിന്‍റെ അറ്റകുറ്റപ്പണി നടത്തിയതും ഇതേ സംഘമാണ്. ഏഷ്യാനെറ്റ് ന്യൂസ് എക്സ്ക്ലൂസീവ്.... 

മന്ത്രിമാർ കൊട്ടിഘോഷിച്ച് നടത്തുന്ന പ്രഖ്യാപനങ്ങൾക്ക് പിന്നീട് എന്ത് സംഭവിക്കുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് കോഴിക്കോട് കൂളിമാട് പാലത്തിന്‍റെ തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നടത്തിയ പ്രഖ്യാപനം. മെയ് 16 നാണ് ചാലിയാറിന് കുറുകെ കോഴിക്കോട് മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന കൂളിമാട് പാലത്തിന്‍റെ മൂന്ന് ബീമുകൾ തകർന്ന് വീണത്. തുടർന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗം നടത്തിയ ഒരു മാസം നീണ്ട അന്വേഷണത്തില്‍ രണ്ട് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് കണ്ടെത്തി. ജൂൺ 17ന് മന്ത്രി നടപടി പ്രഖ്യാപിച്ചു. വീഴ്ച വരുത്തിയ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനിതാകുമാരിക്കും അസിസ്റ്റൻറ് എൻജിനീയർ മുഹ്സിനും എതിരെ നടപടിയെടുക്കും. നടപടി എന്തെന്ന് വകുപ്പ് സെക്രട്ടറി പ്രഖ്യാപിക്കും എന്നാണ് മന്ത്രി അറിയിച്ചിരുന്നത്. ഏറെ ആരോപണം നേരിട്ട് എഎക്സി ബൈജുവിനെതിരെ നടപടി പ്രഖ്യാപിച്ചതുമില്ല. 

മന്ത്രിയുടെ പ്രഖ്യാപനം വന്ന് മൂന്ന് മാസം ആയിട്ടും ഒന്നും നടപ്പായില്ല. മാത്രമല്ല അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബൈജുവിന് കൂടുതൽ ചുമതലകൾ നല്‍കുകയും ചെയ്തു. രണ്ട് ജില്ലകളിലായി 30 ഓളം പ്രവൃത്തികളുടെ ചുമതലയാണ് നിലവില്‍ ഈ ഉദ്യോഗസ്ഥനുളളത്. തകര്‍ന്ന ഭാഗത്തെ പുനർനിർമാണം സ്വന്തം ചെലവില്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന ഊരാളുങ്കലിന്‍റെ ഉറപ്പും വെളളത്തിലായി. തകര്‍ന്ന ഭീമുകള്‍ മുറിച്ചുനീക്കുന്ന പ്രവൃത്തിയാണ് ഇപ്പോഴും തുടരുന്നത്. 

ഇതിനിടെയാണ് റോഡ് നിർമ്മാണത്തിലെ അപാകത കണ്ടെത്താനായി ഹൈക്കോടതി നിര്‍ദ്ദശത്തെത്തുടര്‍ന്ന് ഓപ്പറേഷൻ സരൽ രാസ്താ എന്ന പേരിൽ കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപക പരിശോധന നടന്നത്. നിര്‍മാണമോ അറ്റകുറ്റപ്പണിയോ നടന്ന് ആറ് മാസത്തിനകം തകര്‍ന്ന റോഡുകള്‍ കണ്ടെത്തുകയായിരുന്നു ലക്ഷ്യം. കൂളിമാട് പാലത്തില്‍ നിന്നും മീറുകള്‍ മാത്രം അകലെയുളള കൂളിമാട്-കളന്തോട് എന്ന റോഡിന്‍റെ തകര്‍ച്ചയ്ക്ക് പിന്നിലും ഇതേ സംഘം തന്നെയെന്ന നിര്‍ണായക വിവരം പുറത്ത് വന്നു. 30 ലക്ഷം രൂപ ചെലവിൽ അറ്റകുറ്റപ്പണി നടത്തിയ കൂളിമാട്-കളന്തോട് റോഡ് ആറ് മാസം കൊണ്ട് തകരുകയായിരുന്നു. നാട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്നായിരുന്നു വിജിലന്‍സ് സംഘത്തിന്‍റെ പരിശോധന. ആരോപണ വിധേയരായ ഉദ്യോഗസ്ഥരും ഇന്നലെ വിജിലന്‍സ് പരിശോധനയുടെ ഭാഗമായി സ്ഥലത്തെത്തിയിരുന്നു. 

ഒരു വിവാദം ഉണ്ടാകുമ്പോൾ നടപടി പ്രഖ്യാപിക്കുക ബഹളങ്ങൾ കെട്ടടങ്ങുമ്പോൾ  എല്ലാം മറക്കുക. ഇതാണ് കൂളിമാട് കടവ് മോഡല്‍. ജനങ്ങള്‍ കാഴ്ചക്കാരല്ല കാവല്‍ക്കാരെന്ന് ആവര്‍ത്തിക്കുന്ന മന്ത്രി  തന്‍റെ പ്രഖ്യാപനത്തിന് എന്തുപറ്റി യെന്ന കാര്യത്തില്‍ ഇതുവരെ വിശദീകരണം നൽകിയിട്ടുമില്ല. 

click me!