
കോതമംഗലം: കോതമംഗലത്തെ 23-കാരിയായ ടിടിസി വിദ്യാർത്ഥിനിയുടെ ആത്മഹത്യ നിർബന്ധിത മതപരിവർത്തന ശ്രമത്തെ തുടർന്നല്ലെന്ന് പൊലീസ് കുറ്റപത്രം. കേസിൽ പ്രതിയായ പാനായിക്കുളം സ്വദേശി റമീസ് യുവതിയെ നിർബന്ധിച്ച് മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് കുറ്റപത്രത്തിൽ പറയുന്നു. അന്വേഷണസംഘം ഈ ആഴ്ച കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കും. കൊല്ലപ്പെട്ട പെൺകുട്ടിയും റമീസും കോളേജ് കാലം മുതൽ പ്രണയത്തിലായിരുന്നു. വിവാഹം കഴിച്ച് റമീസിനൊപ്പം ജീവിക്കാനായിരുന്നു പെൺകുട്ടിയുടെ തീരുമാനം. എന്നാൽ, റമീസ് 'ഇടപ്പള്ളി സെക്‌സ് വർക്കേഴ്‌സ്' എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതും ഇടപ്പള്ളിയിൽ പോയതും പെൺകുട്ടി കണ്ടെത്തിയതോടെയാണ് ഇവർക്കിടയിൽ പ്രശ്‌നങ്ങൾ തുടങ്ങിയത്.
ഈ വിവരം റമീസിൻ്റെ പിതാവിനെ അറിയിച്ചതോടെ റമീസ് വീടുവിട്ട് ഇറങ്ങിപ്പോകുകയും പിന്നീട് പെൺകുട്ടിയുമായി സംസാരിക്കാതിരിക്കുകയും ചെയ്തു. മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് റമീസ് ഫോണിലൂടെ പെൺകുട്ടിയോട് പറഞ്ഞു. പിന്നീട് റമീസിനെ ഫോണിൽ പോലും കിട്ടാതായി. കൂട്ടുകാരി വഴി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഇതോടെയാണ് ആത്മഹത്യാക്കുറിപ്പ് എഴുതി ജീവനൊടുക്കാൻ പെൺകുട്ടി തീരുമാനിച്ചതെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
റമീസ് വീട്ടിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നും മതം മാറാൻ നിർബന്ധിച്ചെന്നും ആത്മഹത്യാക്കുറിപ്പിൽ പരാമർശങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, നിർബന്ധിത മതപരിവർത്തന ശ്രമമല്ല, മറിച്ച് പ്രണയം തുടരാൻ കഴിയാത്തതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കുറ്റപത്രത്തിലെ കണ്ടെത്തൽ. കേസിൽ റമീസിൻ്റെ മാതാപിതാക്കളും പ്രതികളാണ്. റമീസിനും മാതാപിതാക്കൾക്കുമെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ആണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുറ്റകൃത്യത്തിന് കൂട്ടുനിന്നതിൻ്റെ പേരിൽ റമീസിൻ്റെ സുഹൃത്തായ സഹദും കേസിൽ അറസ്റ്റിലായിരുന്നു. അതേസമയം, നിർബന്ധിത മതപരിവർത്തന ശ്രമമാണ് മകളുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam