കോതമംഗലം പള്ളിത്തര്‍ക്കം: സംസ്ഥാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ പുന:പരിശോധനാ ഹർജി നല്‍കി

By Web TeamFirst Published Jan 23, 2020, 12:51 PM IST
Highlights

യാക്കോബായ - ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ ഭരണം ഏറ്റെടുക്കാനുള്ള ജനുവരി ഒമ്പതിലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ  റിവ്യൂ ഹർജിയുമായെത്തിയത്. സ്റ്റേറ്റ് അറ്റോർണി ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു.

കൊച്ചി: കോതമംഗലം പള്ളി തർക്കത്തിൽ സംസ്ഥാന സർക്കാരും ഹൈക്കോടതിയിൽ ഹര്‍ജി നല്‍കി. പള്ളി   ഭരണം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ   പുന:പരിശോധനാ ഹർജിയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് പറഞ്ഞ കോടതി, നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ജില്ലാ കളക്ടർ എസ് സുഹാസിനെ  തൽകാലം ഒഴിവാക്കി.

യാക്കോബായ - ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന കോതമംഗലം ചെറിയ പള്ളിയുടെ ഭരണം ഏറ്റെടുക്കാനുള്ള ജനുവരി ഒമ്പതിലെ ഹൈക്കോടതി ഉത്തരവിനെതിരെയാണ് സർക്കാർ  റിവ്യൂ ഹർജിയുമായെത്തിയത്. സ്റ്റേറ്റ് അറ്റോർണി ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. സിവിൽ തർക്കത്തിൽ ഉണ്ടാകുന്ന ക്രമസമാധാന പ്രശ്നങ്ങൾ അടക്കം ചൂണ്ടികാട്ടിയാണ് സർക്കാരിന്‍റെ പുന:പരിശോധനാ ഹർജി.    സിംഗിൾ ബഞ്ചിന്‍റെ ഉത്തരവിനെതിരെ  യാക്കോബായ വിഭാഗവും പുനപരിശോധന ഹർജിയുമായി   ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹ‍ർജികൾ എല്ലാം തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. സുപ്രീം കോടതി വിധി നടപ്പാക്കുകതന്നെ ചെയ്യുമെന്ന് ഹൈക്കോടതി അറിയിച്ചു.

പള്ളി കളക്ടർ ഏറ്റെടുക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നാണ് സർക്കാർ വാദം. വികാരിയുടേയും വിശ്വാസികളുടേയും കാര്യത്തിൽ വ്യക്തത വരുത്തണമെന്ന ആവശ്യവും സർക്കാർ സമർപ്പിച്ച ഹർജിയിലുണ്ട്. ഓർത്തഡോക്സ്‌ സഭാ വിശ്വാസികൾ ആരൊക്കെയെന്ന് വ്യക്തത വരുത്താതെ പള്ളിയിലുള്ള വിശ്വാസികളെ നീക്കം ചെയ്യാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കുർബാന അർപ്പിക്കാൻ അനുമതി ഉള്ള വികാരി ആരെന്ന കാര്യത്തിലും വ്യക്തത വരുത്തണമെന്ന് സർക്കാർ ആവശ്യപ്പെടുന്നു. 

കോടതി വിധി നടപ്പാക്കാത്തതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹര്‍ജികൾ പുന:പരിശോധന ഹ‍ര്‍ജികൾ പരിഗണിച്ചതിന് ശേഷം പരിഗണിക്കുന്നതിനായി കോടതി മാറ്റി.  വിധി നടപ്പാക്കാത്തത് ചോദ്യം ചെയ്ത് ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ ഹ‍ർജിയിൽ ഇന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിനോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കളക്ടർ കോടതിയിൽ അപേക്ഷ നൽകി. ഈ അപേക്ഷ പരിഗണിച്ച കോടതി കളക്ടർ നേരിട്ട് ഹാജരാകുന്നത് തൽക്കാലം ഒഴിവാക്കുകയും വിധി നടപ്പാക്കാൻ കൂടുതൽ സാവകാശം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വിധി നടപ്പാക്കുന്നതിന് ധൃതി പിടിക്കാനാകില്ല. ഇക്കാര്യത്തിൽ ആരോടും  കോടതി പക്ഷാഭേദം കാണിക്കില്ലെന്നും ജസ്റ്റിസ് പിബി സുരേഷ് ബാബു വ്യക്തമാക്കി.

click me!