കോട്ടയം; കോണ്‍ഗ്രസ് ഒഴിഞ്ഞുമാറി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടന്നില്ല

By Web TeamFirst Published Jul 24, 2019, 11:33 AM IST
Highlights

ഇന്ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ്, പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ട പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെയാണ് കോട്ടയത്തെ യുഡിഎഫില്‍ പ്രതിസന്ധിയുണ്ടായത്.

കോട്ടയം: യുഡിഎഫിലെ പ്രതിസന്ധി തുടരുന്നതിനിടെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും. ഇന്ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് പ്രതിസന്ധിയെത്തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. കേരളാ കോണ്‍ഗ്രസിന് അവകാശപ്പെട്ട പ്രസിഡന്‍റ് സ്ഥാനത്തേക്ക് ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതോടെയാണ് കോട്ടയത്തെ യുഡിഎഫില്‍ പ്രതിസന്ധിയുണ്ടായത്. പ്രശ്നപരിഹാരത്തിന് ചേര്‍ന്ന യുഡിഎഫ് യോഗം പരിഹാരമാകാതെ പിരിഞ്ഞിരുന്നു.  

22 പ്രതിനിധികളുള്ള ജില്ലാ പ‍ഞ്ചായത്തില്‍ കോണ്‍ഗ്രസിന് എട്ടും കേരള കോണ്‍ഗ്രസിന് ആറും അംഗങ്ങളാണുള്ളത്. ഇന്ന് നടക്കേണ്ടിയിരുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് വിട്ടുനിന്നതോടെ ക്വാറം തികയാത്തതിനാല്‍  മാറ്റിവെക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 11ന് തെരഞ്ഞെടുപ്പ് നടത്തുമെന്നും ക്വാറം തികയണമെന്ന് നിര്‍ബന്ധമില്ലെന്നും വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു അറിയിച്ചു. 

കേരളാ കോണ്‍ഗ്രസ് എം പിളര്‍ന്നതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തെച്ചൊല്ലി കോട്ടയത്തെ യുഡിഎഫില്‍ പ്രശ്നങ്ങളാരംഭിച്ചത്. മുന്‍ ധാരണപ്രകാരം ജൂലൈ ഒന്ന് മുതല്‍ കേരളാകോണ്‍ഗ്രസിനാണ് പ്രസിഡന്‍റ് സ്ഥാനം. എന്നാല്‍, കേരളാ കോണ്‍ഗ്രസ് രണ്ടായതോടെ ഏതുവിഭാഗത്തിനാണ് സ്ഥാനം കൈമാറേണ്ടതെന്ന ആശയക്കുഴപ്പമുണ്ടായി. പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഇരുവിഭാഗങ്ങളും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് എന്തുനിലപാടെടുക്കണമെന്ന് പരുങ്ങലിലുമായി. ജോസ് കെ മാണി പക്ഷത്തെയോ ജോസഫ് പക്ഷത്തെയോ പിന്തുണയ്ക്കാതെയുള്ള ഒഴിഞ്ഞുമാറല്‍ നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അതുകൊണ്ടാണ് ഇന്ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാട് വരാനിരിക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നതിനാലാണ് ആര്‍ക്കാണ് പിന്തുണ നല്‍കേണ്ടതെന്ന് കോണ്‍ഗ്രസിന് ഉറപ്പിക്കാനാകാത്തത്. 

click me!