
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ അപകടത്തിൽ എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിച്ചാകും റിപ്പോർട്ട് നൽകുകയെന്ന് ജില്ലാ കളക്ടർ ജോൺ വി സാമുവൽ. യാതൊരു ആശങ്കയ്ക്കും വകയില്ലാത്ത സത്യസന്ധമായ റിപ്പോർട്ടാണ് തയ്യാറാക്കുന്നത്. മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെ അപാകതകൾ പ്രത്യേകം പരിശോധിക്കുമെന്നും ജോൺ വി സാമുവൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ സത്യസന്ധമായ അന്വേഷണമാണ് നടക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. വീഴ്ചകളുണ്ടോയെന്ന് ആരോപണങ്ങളടക്കം സമഗ്രമായി പരിശോധിക്കും. എല്ലാ പരാതികളും അന്വേഷിച്ചാകും റിപ്പോർട്ട് നൽകുക. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് കൈമാറും. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടം കഴിഞ്ഞു. വിദഗ്ധരുടെ സാന്നിധ്യത്തിൽ വീണ്ടും അപകടസ്ഥലം പരിശോധിക്കും. ഫിറ്റ്നസ് അടക്കമുള്ള പഴയ രേഖകളെല്ലാം എത്തിക്കാൻ അധികൃതരോട് ആവശ്യപ്പെട്ടു. ആശുപത്രി വികസന യോഗം ചേരുന്നില്ലെന്ന ആരോപണം തെറ്റാണ്. എച്ച്ഡിഎസ് അംഗങ്ങളുടെ കാലാവധി കഴിഞ്ഞിരുന്നു. പുതിയ അംഗങ്ങളെ നിയമിക്കുന്നതിലെ കാലതാമസമാണ് പ്രശ്നം. ഉടൻ പുതിയ എച്ച്ഡിഎസ് കമ്മിറ്റിയെ നിശ്ചയിക്കും.
ഹോസ്റ്റൽ അപാകതകളിലും ഇടപെടും. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന്‍റെ അപാകതകളും അന്വേഷിക്കും. വിദ്യാർത്ഥികൾ ഉയർത്തിയ പ്രശ്നങ്ങൾ പ്രത്യേകം പരിശോധിക്കും. പ്രിൻസിപ്പാളിനോട് പ്രാഥമിക വിവരങ്ങൾ തേടിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam