
കോട്ടയം : നിർമാണം തുടങ്ങി ഏഴു വർഷം പിന്നിട്ടിട്ടും എങ്ങുമെത്താതെ കോട്ടയം പട്ടണത്തിലെ ആകാശപാത പദ്ധതി. ആകാശപാതയ്ക്കായി കെട്ടി ഉയർത്തിയ ഇരുന്പ് പൈപ്പുകൾ തുരുന്പിച്ചു തുടങ്ങിയെങ്കിലും പദ്ധതി നടക്കുമെന്നോ ഇല്ലെന്നോ പറയാൻ ഉത്തരവാദപ്പെട്ടവർക്കാർക്കും കഴിയുന്നില്ല. വെറുതെ കെട്ടിപ്പൊക്കിയിട്ടിരിക്കുന്ന ഇരുന്പ് തൂണുകൾ പൊളിച്ചു നീക്കി കൂടെ എന്ന് ഹൈക്കോടതി മുതൽ നാട്ടിലെ സാധാരണക്കാർ വരെ ചോദിച്ചു തുടങ്ങിയിട്ടും ഉദ്യോഗസ്ഥ രാഷ്ട്രീയ നേതൃത്വങ്ങൾ കുറ്റകരമായ നിസംഗത തുടരുകയാണ്. പൊതു ഖജനാവിലെ പണത്തിന്റെ ദുർവ്യയത്തിന്റെ അടയാളമായി തുടരുന്ന ആകാശപാതയുടെ അനിശ്ചിതത്വത്തിന്റെ പിന്നാന്പുറങ്ങളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പരന്പര റൗണ്ടാനയിലെ വെള്ളാന തുടങ്ങുകയാണ് .
കോട്ടയം റൗണ്ടാനയിലെ ആകാശപാതയ്ക്കു കീഴിലൂടെ നടക്കുമ്പോള്‍ കാണാം തുരുമ്പെടുത്ത് തീര്‍ന്നു കൊണ്ടിരിക്കുന്ന ഇരുമ്പു പൈപ്പുകള്‍. ഏഴു കൊല്ലം മുമ്പ് ആകാശപാതയെന്നു പേരിട്ട പദ്ധതിയുടെ ഉദ്ഘാടന വേളയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞത് അഞ്ച് മാസം കൊണ്ട് ആകാശ പാത പൂർത്തിയാക്കുമെന്നാണ്. എല്ലാവരുടേയും സഹകരണവും തേടി.
എന്നാൽ ഇപ്പോൾ വര്‍ഷം ഏഴു കഴിഞ്ഞിട്ടും നാട്ടുകാരുടെ ക്ഷമ പരീക്ഷിച്ചിങ്ങനെ പാതിവഴിയില്‍ നില്‍ക്കുകയാണ്. കോട്ടയത്തെ പട്ടണവാസികള്‍ക്ക് ആകാശപാതയെ കുറിച്ചു പറയുമ്പോള്‍ അമർഷമാണ് . ആകാശപാത തന്നെ പൊളിച്ചു മാറ്റണം എന്നാണ് നാട്ടുകാരുടെ ആവശ്യം. ജനത്തിന് ശല്യം അല്ലാതെ ഇതുകൊണ്ട് ഒരു ഉപയോഗവും ഇല്ല . ഇതല്ല വികസനം , ജനങ്ങൾക്ക ഉപയോഗം ഉള്ള കാര്യം ചെയ്യണം, എത്രയും പെട്ടെന്ന് പൊളിച്ചുമാറ്റണമെന്നും നാട്ടുകാർ ഒരേ സ്വരത്തിൽ പറയുന്നു
മനുഷ്യർക്ക് ഗുണമില്ലെങ്കിലും പക്ഷികൾക്ക് കൂടുവയ്ക്കാൻ ഇടം നൽകുന്നുണ്ട് ആകാശപാത . പണിതു തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ പൊളിച്ചു നീക്കിക്കൂടെ എന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് ഓണ അവധിക്കു ശേഷം സര്‍ക്കാര്‍ എന്ത് ഉത്തരം നല്‍കും എന്ന ചോദ്യമാണ് ഇപ്പോള്‍ കോട്ടയം പട്ടണമൊന്നടങ്കം ചോദിക്കുന്നത്.
ലൈഫ് പദ്ധതി പ്രകാരം ഒരു വീട് വയ്ക്കാന്‍ നാലു ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഒരു സാധാരണക്കാരന് നല്‍കുന്നത്. ആ പണമൊന്ന് കിട്ടാന്‍ ആളുകള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങി മടുത്തിരിക്കുമ്പോഴാണ് അമ്പത് വീടു വയ്ക്കാനുളള കാശിങ്ങനെ മഴയും വെയിലും തുരുമ്പെടുത്ത് പോകുന്നത്.