കൊട്ടിയൂർ പീഡനം: ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഫാ. റോബിന്‍ വടക്കുംചേരി ഹൈക്കോടതിയില്‍

By Web TeamFirst Published Apr 5, 2019, 7:07 AM IST
Highlights

20 വര്‍ഷത്തെ തടവ് ശിക്ഷ സ്റ്റേ ചെയ്യണമെന്നാണ് ഫാദർ റോബിന്‍ വടക്കുംചേരിയുടെ ആവശ്യം. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ ഹാജരാക്കിയതെന്നാണ് റോബിന്‍ അപ്പീലില്‍ പറയുന്നത്. 
 

കൊച്ചി: കൊട്ടിയൂരില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ ശിക്ഷിക്കപ്പെട്ട ഫാദർ റോബിന്‍ വടക്കുംചേരി ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കെട്ടിച്ചമച്ച തെളിവുകളാണ് തനിക്കെതിരെ ഹാജരാക്കിയതെന്നാണ് അപ്പീലില്‍ പറയുന്നത്. 

ഉഭയസമ്മതപ്രകാരമാണ് ബന്ധം നടന്നതെന്നും പെൺകുട്ടിയുടെ പ്രായം ശാസ്ത്രീയമായി കണക്കാക്കണമെന്ന ആവശ്യം വിചാരണക്കോടതി പരിഗണിച്ചില്ലെന്നും അപ്പീലില്‍ പറയുന്നു. കേസില്‍ 20 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയുമാണ് തലശ്ശേരി പോക്സോ കോടതി ഫാദർ റോബിന് ശിക്ഷ വിധിച്ചിരിക്കുന്നത്. കൊട്ടിയൂർ നീണ്ടുനോക്കിയിലെ പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരിയാണ്‌ ഒന്നാം പ്രതി.

Also Read: ആരാണ് ഫാദർ റോബിൻ വടക്കുംചേരി? കൊട്ടിയൂർ ബലാത്സംഗക്കേസിന്‍റെ നാൾവഴികൾ ഇങ്ങനെ

2016 ലായിരുന്നു കേസിനാസ്പദമായ സംഭവം. കൊട്ടിയൂർ സെന്‍റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ  വടക്കുംചേരി അറസ്റ്റിലാകുന്നത്. പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കു‍ഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ  പണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

എന്നാൽ  പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തു.

click me!