കോവളത്ത് വിദേശവനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്: മൂന്ന് വർഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല

By Web TeamFirst Published Oct 26, 2021, 6:54 AM IST
Highlights

നീതി തേടിയാണ് വീണ്ടും ഈ ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് വർഷം മുമ്പ് കോവളത്ത് ക്രൂരമായി കൊല്ലപ്പെട്ട സഹോദരിക്കായി ഇവരിപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്

തിരുവനന്തപുരം: കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. ദൈവത്തിൻറെ സ്വന്തം നാട്ടിൽ നീതി ലഭിച്ചില്ലെന്ന് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിചാരണ ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു.

എന്റെ സഹോദരി ഇനി തിരിച്ച് വരില്ല. ഇനി അവര്‍ക്ക് കൊടുക്കാനാകുന്നത് നീതിയാണ്. എന്നാലത് നിഷേധിക്കപ്പെടുകയാണ്. സഹോദരിയുടെ മരണം കുടുംബത്തിനെ വല്ലാതെ ബാധിച്ചു. പ്രതികൾ സമൂഹത്തില്‍ സ്വതന്ത്രരായി നടക്കുന്നത് വേദനയോടെയാണ് കാണുന്നതെന്നും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു.

നീതി തേടിയാണ് വീണ്ടും ഈ ലാത്വിയൻ യുവതി കേരളത്തിലെത്തിയത്. മൂന്ന് വർഷം മുമ്പ് കോവളത്ത് ക്രൂരമായി കൊല്ലപ്പെട്ട സഹോദരിക്കായി ഇവരിപ്പോഴും സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. കേരളം കാണാനെത്തിയ വിദേശ സഞ്ചാരി ക്രൂരമായി കൊല്ലപ്പെട്ടത് 2018 മാർച്ച് 14നാണ്. മയക്കുമരുന്ന് നല്‍കി ക്രൂരമായി പീഡിപ്പിച്ച് യുവതിയെ കോവളത്തെ കുറ്റിക്കാട്ടില്‍ തള്ളിയത് ഉമേഷ്, ഉദയൻ എന്നീ യുവാക്കളാണ്.

യുവതിയെ കാണാതായി ഒരു മാസത്തോളമായപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിന്നീട് പല കാരണങ്ങളാല്‍ കുറ്റപത്രം വൈകി. കേരളം കണ്ട ക്രൂരമായ കൊലപാതകത്തിലെ പ്രതികള്‍ മൂന്ന് വര്‍ഷമായി സ്വതന്ത്രരായി കഴിയുകയാണ്. സര്‍ക്കാരും പൊലീസും നല്‍കിയ ഉറപ്പിലാണ് കുറ്റപത്രം സമര്‍പ്പിച്ച ഉടൻ കൊല്ലപ്പെട്ട യുവതിയുടെ സഹോദരി നാട്ടിലേക്ക് മടങ്ങിയത്. എന്നാൽ അധികൃതരുടെ അലംഭാവം മൂലം കേസില്‍ ഒന്നും സംഭവിച്ചില്ല.

ഇത്തവണ വിചാരണ വേഗത്തിലാക്കാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സർക്കാർ അഭിഭാഷകരെയും കണ്ടെങ്കിലും എല്ലാവരും കൈ മലർത്തി. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണ തുടങ്ങി സഹോദരിക്ക് നീതി ഉറപ്പാക്കിയിട്ടേ ഇനി കേരളം വിടൂവെന്നാണ് ഇവർ പറയുന്നത്.

click me!