
കോഴിക്കോട്: അന്തരിച്ച കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീലയുടെ സംസ്കാരം മറ്റന്നാൾ നടക്കും. ഔദ്യോഗിക ബഹുമതികളോടെ അത്തോളി കുനിയിൽക്കടവ് ജുമമസ്ജിദിലാണ് സംസ്കാരം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസിലും ശേഷം കൊയിലാണ്ടി ടൗൺഹാളിലും മൃതദേഹം പൊതുദർശനത്തിന് വെക്കും. അർബുദബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാനത്തിൽ ജമീലയുടെ മരണം ഇന്നലെ രാത്രിയാണ് സ്ഥിരീകരിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, മന്ത്രി മുഹമ്മദ് റിയാസ് , എം.കെ.രാഘവൻ എംപി, കെ.കെ.രമ എംഎൽഎ തുടങ്ങിയവർ ആശുപത്രിയിലെത്തി അന്തിമോപചാരം അർപ്പിച്ചു. ഗ്രാമപഞ്ചായത്തംഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച കാനത്തിൽ ജമീല 2021 ൽ കൊയിലാണ്ടിയിൽ നിന്നാണ് നിയമസഭയിലേക്കെത്തിയത്.
മലബാറിലെ ആദ്യ മുസ്ലിം വനിത എംഎൽഎയാണ്. സിപിഎമ്മിന് മികച്ച നേതാവിനെയാണ് നഷ്ടമായതെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. രോഗത്തോട് പോരാടി ജീവിതത്തിലേക്ക് മടങ്ങി വരുമ്പോഴാണ് ഈ മരണം. പരിപാടികളിൽ പങ്കെടുത്തു തുടങ്ങിയിരുന്നു. നല്ല പെരുമാറ്റത്തിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ ആളാണ് കാനത്തിൽ ജമീല. പഞ്ചായത്ത് മെമ്പറായി തുടങ്ങി എംഎൽഎ വരെ ആയി മികച്ച പ്രവർത്തനം നടത്തി. നിയമസഭയിലും മികവാർന്ന പ്രകടനം. കേരളത്തിന് അകത്തും പുറത്തും ജനങ്ങളിൽ സ്വാധീനം ഉണ്ടാക്കിയ നേതാവാണ് കാനത്തിൽ ജമീലയെന്നും പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും എം വി ഗോവിന്ദൻ അനുസ്മരിച്ചു. സൗമ്യതയോടെ ഇടപെടുന്ന രീതിയായിരുന്നു കാനത്തിൽ ജമീലക്ക് എന്ന് മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു. അസുഖബാധിത ആയിരുന്നിട്ടും നിയമസഭയിൽ എത്തിയിട്ടുണ്ടെന്നും ചികിത്സയിൽ ആയിരുന്ന സമയത്തും കൊയിലാണ്ടിയിലെ കാര്യങ്ങൾ ഫോണിൽ വിളിച്ച് പറയാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായി രണ്ട് ചേരിയിൽ ആണെങ്കിലും സ്നേഹബന്ധം കാത്ത് സൂക്ഷിച്ചിരുന്നുവെന്നും തന്‍റെ വ്യക്തിപരമായ വേദനയിലും ഒപ്പം നിന്നിരുന്നയാളാണെന്നും കെ.കെ രമയും പ്രതികരിച്ചു. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും താഴെ തട്ടിൽ പാർട്ടി പ്രവർത്തനം നടത്തിവന്ന നേതാവാണ് കാനത്തിൽ ജമീലയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി എം മെഹബൂബ് അനുസ്മരിച്ചു. പാർട്ടിക്ക് വലിയ നഷ്ടമാണ് ഉണ്ടായതെന്നും എല്ലാ ബഹുമതികളോടും കൂടി ഖബറടക്കുമെന്നും മെഹബൂബ് പറഞ്ഞു.
കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കൊയിലാണ്ടി എംഎൽഎയും സിപിഐ എം കോഴിക്കോട് ജില്ലാ കമ്മറ്റിയംഗവുമായ കാനത്തിൽ ജമീലയുടെ നിര്യാണം അത്യന്തം ദുഃഖകരമാണെന്നും ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മര കുറിപ്പിൽ പറഞ്ഞു. ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്ന ജമീല തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നു വന്ന നേതാവായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.