'സ്ഥാനാർത്ഥിയുടെ അറിവോടെ രശീത് നല്‍കിയാണ് പണം പിരിച്ചത്'; ധർമ്മജന് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍

By Web TeamFirst Published May 24, 2021, 2:24 PM IST
Highlights

ഒരു കെപിസിസി സെക്രട്ടറിയും ഡിസിസി ഭാരവാഹിയും ചേര്‍ന്ന് തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ കെപിസിസി പ്രസിഡന്‍റിന് പരാതി നല്‍കിയത്. 

കോഴിക്കോട്: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്ന ബാലുശ്ശേരി യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ആരോപണത്തിനെതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കള്‍. ആരോപണം തെറ്റെന്നും സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ധര്‍മജന്‍ വന്‍ പരാജയമായിരുന്നെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ തിരിച്ചടിച്ചു. ധര്‍മജന്‍റെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കരുതുന്നില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് യു. രാജീവനും പ്രതികരിച്ചു.

കോഴിക്കോട്ടെ ഒരു കെപിസിസി സെക്രട്ടറിയും ഡിസിസി ഭാരവാഹിയും ചേര്‍ന്ന് തന്‍റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെന്നും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണ് ബാലുശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി കെപിസിസി പ്രസിഡന്‍റിന് പരാതി നല്‍കിയത്. 

തന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിര രംഗത്തുവന്നവരെ തന്നെ പ്രചാരണചുമതല ഏല്‍പ്പിച്ചതാണ് തിരിച്ചടിക്ക് കാരണമെന്നും ധര്‍മജന്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണത്തോട്  ബാലുശേരിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. ഫണ്ടില്ലാത്തതിനെത്തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ അനുമതിയോടുകൂടി ചില പ്രധാന വ്യക്തികളില്‍ നിന്ന് പണം പിരിക്കുകയായിരുന്നു.  80,000ത്തോളം രൂപ മാത്രമാണ് ഇത്തരത്തില്‍ പിരിച്ചത്. 

രശീത് നല്‍കിയാണ് പണം പിരിച്ചത്. ഈ തുക മണ്ഡലത്തിന്‍റെ ചുമതലയുളള കെപിസിസി നിര്‍വാഹക സമിതി അംഗത്തെയും ഡിസിസി ഭാരവാഹിയെയും ഏല്‍പ്പിക്കുകയായിരുന്നു. ഈ നേതാക്കള്‍ സാന്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണം വിശ്വസനീയമല്ലെന്ന് ഡിസിസി പ്രസിഡന്‍റ് യു. രാജീവന്‍ പറഞ്ഞു. ധര്‍മജന്‍ ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടില്ല. പരാതി കിട്ടാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

അതേസമയം സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ധര്‍മജന്‍ വലിയ പരാജയമായിരുന്നെന്നും പ്രാചരണ ഘട്ടത്തിലുള്‍പ്പടെ ഇത് പ്രകടമായിരുന്നെന്നും ബാലുശേരി മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ ആരോപിച്ചു. നിശ്ചയിച്ച സമയത്ത് പ്രചാരണത്തിനിറങ്ങാനോ മണ്ഡലത്തില്‍ സജീവമാകാനോ ധര്‍മജന് ആയില്ല. ഇതാണ് കനത്ത പരാജയത്തിലേക്ക് നയിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം ധര്‍മജന്‍ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ലെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു.

click me!