Rajyasabha : എംപിമാരെ സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രമേയം പാസാക്കി കോഴിക്കോട് നഗരസഭ

By Web TeamFirst Published Nov 30, 2021, 12:26 PM IST
Highlights

കഴിഞ്ഞ സഭാസമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സര്‍ക്കാര്‍ നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് നടപടിയോട് ബിനോയ് വിശ്വം പ്രതികരിച്ചത്.
 

കോഴിക്കോട്: രാജ്യസഭയില്‍ (Rajyasabha) എംപിമാരെ (MP)  സസ്‌പെന്റ് (Suspend) ചെയ്തതിനെതിരെ കോഴിക്കോട് കോര്‍പ്പറേഷന്‍ (Kozhikode corporation) പ്രമേയം പാസാക്കി. എന്നാല്‍, പ്രമേയത്തെ ബിജെപി അംഗങ്ങള്‍ പിന്തുണച്ചില്ല. കേരളത്തില്‍ നിന്നുള്ള എംപിമാരെയടക്കം സസ്‌പെന്‍ഡ് ചെയ്ത നടപടിക്കെതിരെയാണ് ഇടതുപക്ഷം ഭരിക്കുന്ന കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രമേയം പാസിക്കിയത്. വിഷയത്തില്‍ കേരളത്തില്‍ നിന്ന് ആദ്യം പ്രമേയം പാസാക്കുന്നതും കോഴിക്കോട് കോര്‍പ്പറേഷനാണ്. 

കേരളത്തില്‍ നിന്ന് ഉള്‍പ്പെടെയുള്ള പന്ത്രണ്ട് എംപിമാരെയാണ് പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എളമരം കരീം, ബിനോയ് വിശ്വം ഉള്‍പ്പടെ 12 പേരെ സസ്‌പെന്‍ഡ് ചെയ്ത നടപടി ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ യോഗം ചേരും. നടപടി ജനാധിപത്യ വിരുദ്ധമെന്ന് ഇന്നലെ 14 പാര്‍ട്ടികള്‍ പ്രസ്താവന ഇറക്കിയിരുന്നു. വിലക്കയറ്റം, താങ്ങുവില സംരക്ഷണ നിയമം എന്നിവ ഇരുസഭകളിലും ഉന്നയിക്കാനും പ്രതിപക്ഷം തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളന കാലത്തേക്കാണ് എംപിമാരെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ സഭാസമ്മേളനത്തിലെ പ്രതിഷേധത്തിന്റെ പേരിലാണ് നടപടി. സഭയുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന രീതിയില്‍ അംഗങ്ങള്‍ പെരുമാറിയെന്ന് ഉത്തരവില്‍ പറയുന്നു. പാര്‍ലമെന്റിനെയും ജനാധിപത്യത്തെയും ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള സര്‍ക്കാര്‍ നടപടിക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നാണ് നടപടിയോട് ബിനോയ് വിശ്വം പ്രതികരിച്ചത്. ജനവികാരത്തെ മാനിക്കാത്ത സര്‍ക്കാര്‍ കര്‍ഷകരോട് മാപ്പ് പറഞ്ഞതുപോലെ നാളെ ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു. എളമരം കരീമിനെതിരെ രണ്ട് രാജ്യസഭ മാര്‍ഷല്‍മാരാണ് അദ്ധ്യക്ഷന് പരാതി നല്‍കിയിരുന്നത്. ബിനോയ് വിശ്വത്തിനെതിരെയും പരാമര്‍ശമുണ്ട്. എളമരം കരീം മാര്‍ഷല്‍മാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് പരാതി.

ഇതിനിടെ വിവാദമായ മൂന്ന് കാര്‍ഷികനിയമങ്ങളും ഇന്നലെ പിന്‍വലിച്ചു. ഈ നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് ശീതകാലസമ്മേളനം തുടങ്ങിയ ആദ്യദിനം തന്നെ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ബഹളത്തിനിടയില്‍ ബില്ല് ചര്‍ച്ചയില്ലാതെ തന്നെ പാസ്സാക്കുകയും ചെയ്തു. എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമുണ്ട്, സര്‍ക്കാര്‍ എല്ലാത്തിനും ഉത്തരം നല്‍കാന്‍ തയാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് പാസാക്കാന്‍ രണ്ടു സഭകള്‍ക്കും അഞ്ചു മിനിറ്റുകള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.

click me!