
കോഴിക്കോട്: ഇടവേളയ്ക്ക് ശേഷം ലൈറ്റ് മെട്രോ പദ്ധതിക്കായി കോഴിക്കോട് കോര്‍പറേഷന്‍ വീണ്ടും നീക്കം ശക്തമാക്കി. നേരത്തെ ഡിഎംആര്‍സി ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് പഠനം നടത്തുകയും ഡിപിആര്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഇ ശ്രീധരനും സര്‍ക്കാരും തമ്മില്‍ അകന്നതോടെ നടപടികള്‍ നിശ്ചലമായിരുന്നു.
ഇപ്പോള്‍ പാലാരിവട്ടം പാലത്തിന്‍റെ തകരാര്‍ പരിഹരിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി ഇ. ശ്രീധരനുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് ലൈറ്റ് മെട്രോയ്ക്കായി സമ്മര്‍ദ്ദം ശക്തമാക്കാന്‍ കോഴിക്കോട് കേര്‍പറേഷന്‍ തീരുമാനിച്ചത്. എന്നാല്‍ ആര് പദ്ധതി നടപ്പാക്കണമെന്ന കാര്യത്തില്‍ കോര്‍പറേഷന്‍ നിര്‍ദ്ദേശമൊന്നും വയ്ക്കില്ല.
ലൈറ്റ് മെട്രോ പദ്ധതിക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിങ്കളാഴ്ച ലൈറ്റ് മെട്രോ പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും മേയര്‍ വ്യക്തമാക്കി. അനുദിനം വാഹനങ്ങള്‍ പെരുകുകയും റോഡ് വികസനം ദുഷ്കരമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ലൈറ്റ് മെട്രോ കോഴിക്കോട് അനിവാര്യമാണെന്ന് കോര്‍പറേഷന്‍ പറയുന്നു.
2017ല്‍ ഡിഎംആര്‍സി ഡിപിആര്‍ (ഡീറ്റൈല്‍ പ്രൊജക്ട് റിപ്പോര്‍ട്ട്) തയ്യാറാക്കിയപ്പോള്‍ 2419 കോടി രൂപയായിരുന്നു കോഴിക്കോട് ലൈറ്റ് മെട്രോയ്ക്ക് കണക്കാക്കിയ ചെലവ്. പദ്ധതിയുടെ 20 ശതമാനം സംസ്ഥാന വിഹിതവും 20 ശതമാനം കേന്ദ്ര വിഹിതവും ബാക്കി ദീര്‍ഘകാല വായ്പയായും കണ്ടെത്താമെന്നായിരുന്നു ഡിഎംആര്‍സി നിര്‍ദ്ദേശം. ഇ. ശ്രീധരനുമായുളള ബന്ധം മെച്ചപ്പെട്ടതോടെ സംസ്ഥാന സര്‍ക്കാര്‍ പദ്ധതി ഡിഎംആര്‍സിയെത്തന്നെ ഏല്‍പ്പിക്കുമോയെന്നാണ് ഇനി അറിയാനുളളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam