പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. 25 പേര് അടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തി.
കോഴിക്കോട്: കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിയെ ലഹരി കാരിയറാക്കിയെന്ന വെളിപ്പെടുത്തലില്‍ നടപടി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 10 പേർക്കെതിരെ പൊലീസ് കേസെടുത്തു. പ്രദേശവാസിയാണ് പെൺകുട്ടിക്ക് ലഹരി നൽകുന്നത്. ഇയാള്‍ ഒരു ഉത്തരേന്ത്യൻ സ്വദേശിയുടെ കൈവശമാണ് ലഹരി കൊടുത്ത് വിടുന്നത് എന്നും കണ്ടെത്തി. പെൺകുട്ടിയുടെ മൊഴിയില്‍ നിന്ന് ആളുകളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു. 25 പേര് അടങ്ങുന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തി.
വടകര അഴിയൂരിലെ പ്രമുഖ സ്കൂളിലെ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെയാണ് പ്രതികള്‍ ലഹരി കാരിയറാക്കിയത്. കബഡി കളിക്കിടെ നിരഞ്ജന എന്ന് പേരുളള ഒരു പെണ്‍കുട്ടി നല്‍കിയ ബിസ്കറ്റിലൂടെയായിരുന്നു ലഹരിയുടെ കെണിയിലേക്കുളള പതനം. പിന്നീട് അദ്നാന്‍ എന്ന യുവാവുമെത്തി. ബിസ്കറ്റില്‍ തുടങ്ങി, പിന്നീട് പൊടിരൂപത്തില്‍ മൂക്കില്‍ വലിപ്പിച്ചു, കൂടുതല്‍ ശ്രദ്ധയും ഉന്മേഷവും കിട്ടുമെന്ന് വിശ്വസിപ്പിച്ച് കൈത്തണ്ടയില്‍ ഇഞ്ചക്ഷനുകളായും ലഹരി ശരീരത്തില്‍ എത്തിച്ചു.
ഒടുവില്‍ എംഡിഎംഎ എന്ന രാസ ലഹരിയുടെ കെണയിലായതോടെ താന്‍ ഉള്‍പ്പടെയുള്ള മൂന്ന് പെണ്‍കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ ലഹരി കൈമാറാനായി തലശേരിയില്‍ പോയെന്നാണ് പെണ്‍കുട്ടി നേരത്തെ വെളിപ്പെടുത്തിയത്. വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ച് നല്‍കിയെന്നും ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തെന്നും 13 കാരി വെളിപ്പെടുത്തിയിരുന്നു.